പത്തനംതിട്ട: ഏനാദിമംഗലം വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട പെരുന്തോയിക്കലിലാണ് സംഭവം. ക്ഷീര കർഷകനായ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്. മഴ നനയാതിരിക്കാന്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കയറി നിന്നപ്പോഴായിരുന്നു അപകടം.
സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിച്ചുകൊണ്ട് വരുമ്പോള്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് ശശിധരനും ഭാര്യ ശ്യാമളാ ദേവിയും സമീപത്തുള്ള വീടിന്റെ മുമ്പിലേക്ക് കയറി നിന്നത്. ഒരു വര്‍ഷമായി ആള്‍പാര്‍പ്പില്ലാത്ത വീടാണിത്. വീടിന്റെ ടിന്‍ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് സര്‍വ്വീസ് വയര്‍ ലീക്കായി ഇരുമ്പ് തൂണിലൂടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു.
അറിയാതെ ഈ തൂണില്‍ പിടിച്ചതോടെയാണ് ശശിധരന് വൈദ്യുതാഘാതമേറ്റത്. ശശിധരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്യാമളാദേവിക്കും വൈദ്യുതാഘാതമേറ്റെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.