കോട്ടയം: എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മരിച്ച കർഷകനായ മക്കൻ ചെല്ലപ്പൻ ജീവനൊടുക്കിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികമായ പാടുകളോ ഇല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെയാണ് വൈക്കം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ജൈവ കർഷകൻ മക്കൻ ചെല്ലപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.
മക്കൻ ചെല്ലപ്പൻ കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐയെ വിമർശിച്ച് രംഗത്തുള്ള വ്യക്തിയാണ്. ഇന്നലെ ഫേസ്ബുക്കിൽ ഒരു വീഡിയോ ചെല്ലപ്പൻ പങ്കുവച്ചിരുന്നു. സിപിഐക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്.
സിപിഐ തനിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും നേരത്തെ താൻ ജീവനൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്നു തുടങ്ങിയ കാര്യങ്ങൾ മക്കൻ ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്.