കാസർഗോഡ്: കുടുംബത്തിലെ മുതിർന്നവർക്ക് പ്രായമായതോടെ സംരക്ഷിക്കാൻ ആളില്ലാതെ കൊടിയ ദുരിതത്തിലേക്ക് നീങ്ങുകയാണ് കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾ. പല കുടുംബങ്ങളിലും ഭിന്നശേഷിക്കാരായ ഇരകളുടെ സംരക്ഷകർ രോഗബാധയില്ലാത്ത അമ്മമാരോ സഹോദരിമാരോ ആണ്. അവർക്കെല്ലാം പ്രായമായി വരികയാണ്. സംരക്ഷകരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതോടെ ചലനശേഷി പോലുമില്ലാത്ത കുറെ മനുഷ്യജീവികളുടെ അതിജീവനം ചോദ്യചിഹ്നമായി മാറും.
ദുരിത ബാധിതരെ ചേർത്ത് പിടിക്കാൻ ആരംഭിച്ച സഹജീവനം സ്‌നേഹ ഗ്രാമം പദ്ധതിയാകട്ടെ തുടങ്ങിയിടത്ത് തന്നെ നിലച്ചിരിക്കുകയാണ്. യുഡിഎഫ് സർക്കാരിൻ്റെ ഇടക്കാല ബജറ്റ് കനിയുമോയെന്ന് കാത്തിരിക്കുകയാണ് ഈ മനുഷ്യർ. എൻഡോസൾഫാൻ ഇരകൾക്ക് സമഗ്രമായ പുനരുധിവാസം എന്നതായിരുന്നു സഹജീവനം സ്നേഹഗ്രാമം പദ്ധതിയിൽ സർക്കാരിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി കാസർഗോഡ് മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ നൽകിയ 25 ഏക്കർ സ്ഥലത്ത് സാമൂഹിക നീതി വകുപ്പിൻ്റെ കീഴിൽ സഹജീവനം സ്നേഹഗ്രാമം രൂപീകരിച്ചു.
ഈ പദ്ധതിയിൽ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമ പദ്ധതി നാല് ഘട്ടങ്ങളിലായി നടപ്പിലാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത് .ആദ്യഘട്ടത്തിലെ തെറാപ്പി ക്ലിനിക്ക് മാത്രമാണ് ആകെ നടപ്പിലായത്. എൻഡോസൾഫാൻ ഇരകളുടെ ഭാവി ജീവിതത്തെ സുരക്ഷിതമാക്കുന്ന സമഗ്ര പദ്ധതിയാണ് പണ്ട് മുതലെ ഉയരുന്ന ആവശ്യം. എൻഡോസൾഫാൻ ഇരകൾ വർഷങ്ങളോളം അനുഭവിച്ച അതേ അവഗണന പുനരുധിവാസ ഗ്രാമത്തിന്റെ പൂർത്തീകരണത്തിലും ഉണ്ടാകുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. ആദ്യഘട്ടത്തിലുള്ള കരുതലും തുടർ ചർച്ചകളും പദ്ധതി അവലോകനങ്ങളും പിന്നീടുണ്ടായില്ലെന്നതാണ് യാഥാർഥ്യം