
എറണാകുളം അങ്കമാലി മേജർ അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും ചർച്ചകളിലൂടെ നിർദേശിച്ച സമവായം നടപ്പിൽ വന്നു. എറണാകുളം അതിരൂപതയിലെ ഇടവക ദേവാലയങ്ങളിൽ, തൽസ്ഥിതി തുടരാൻ കോടതി നിർദേശമുള്ള പള്ളികളിൽ ഒഴികെ എല്ലായിടത്തും ഒരു സിനഡ് 50:50 കുർബാന നടന്നു.
ഭൂരിപക്ഷം പള്ളികളിലും സമവായ സർക്കുലർ നിർദേശിച്ചതനുസരിച്ചു വൈകീട്ട് 3.30നായിരുന്നു കുർബാന നടന്നത്. മറ്റുള്ളിടത്ത് ഇടവക സൗകര്യം അനുസരിച്ച് വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കും സിനഡ് കുർബാന നടന്നു.
ഇന്ന് രാവിലെ എറണാകുളം അതിരൂപത കൂരിയ അംഗങ്ങൾ ബിഷപ്പ് ഹൗസിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ട് സ്ഥാനം ഒഴിയുന്ന ഫാ. വർഗീസ് മണവാളനിൽ നിന്ന് ബസിലിക്ക ദേവാലയത്തിൽ നടന്ന ചടങ്ങിൽ താക്കോൽ കൈപ്പറ്റി ഒപ്പ് വെച്ച് ചുമതലയേറ്റു. ട്രാൻസ്ഫർ ലഭിച്ച മറ്റു വൈദികരും വിവിധ ദേവാലയങ്ങളിൽ ചുമതലകൾ കൈമാറി പുതിയ ചുമതലയിൽ പ്രവേശിച്ചു.
വളരെ സമാധാനപരമായി ഇന്നത്തെ ചടങ്ങുകൾ എല്ലായിടത്തും നടന്നു എന്നത് വിശ്വാസികളും, വൈദികരും സമവായം അംഗീകരിച്ചു എന്നതിന്റെ തെളിവാണെന്ന് അല്‍മായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണിയും, വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ സമവായം നിലവിൽ വന്നെങ്കിലും സമവായ ധാരണകളിൽ നിന്ന് സഭാ നേതൃത്വം പുറകോട്ട് പോയതു കൊണ്ട് സമവായം അട്ടിമറിക്കപ്പെടുകയായിരുന്നു. അത്തരത്തിൽ സമവായത്തിൽ ഏതെങ്കിലും അട്ടിമറിക്ക് ആരെങ്കിലും ശ്രമിച്ചാൽ സമവായത്തിൽ നിന്ന് എറണാകുളം അതിരൂപത വിശ്വാസ സമൂഹം പുറകോട്ട് തന്നെ പോകുമെന്നും അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.