

എറണാകുളം: പിറവം ആട്ടിൻകുന്ന് പള്ളിയിലെ റബർത്തോട്ട തർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ സമ്മർദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ. റബർ മരങ്ങളുടെ ടാപ്പിങ്ങിന് ഏർപ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം റദ്ദാക്കി. പള്ളികളുടെ നടത്തിപ്പ് 1934ലെ ഭരണഘടനാപ്രകാരം വേണമെന്ന കോടതി ഉത്തരവ് ബാധകമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കോടതി വിധിയിലൂടെ പള്ളിയും സെമിത്തേരിക്ക് സമീപത്തെ റബർ തോട്ടവും ഓർത്തഡോക്സ് വിഭാഗം ഏറ്റെടുത്തതിന് പിന്നാലെയാണ് തർക്കം രൂക്ഷമായത്. ടാപ്പിങ്ങുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ റബർ മരങ്ങൾ വെട്ടി നശിപ്പിച്ചതും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയതുമാണ് പുതിയ സംഘർഷത്തിന് വഴിവെച്ചത്.