

കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെതിരെ എറണാകുളം ജില്ലാ പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയും രംഗത്ത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വച്ചു പൊറുപ്പിക്കില്ലെന്ന് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണ ലാൽ ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ്‌യു ഗ്രൂപ്പ് മാനേജർമാരോടും നേതാക്കന്മാരോടും ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ടാണ് കൃഷ്ണലാൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചു പറ്റാൻ ഫേസ്ബുക്ക് താളുകളിൽ നാലെഴുത്തിയാൽ വീഴുന്നതല്ല കേരള മുഖ്യമന്ത്രിയും സർക്കാരും എന്ന് ഓർത്താൽ നല്ലതെന്നും കുറിപ്പിലുണ്ട്.
ബിജെപിയിൽ നിന്നും സിപിഐഎമിൽ നിന്നും നേതാക്കൾ വന്നപ്പോൾ മുൻപെങ്ങും ഇല്ലാത്ത പ്രശ്നങ്ങൾ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റെന്നും കൃഷ്ണ ലാൽ ചോദിച്ചു.
അതേസമയം അലോഷ്യസിനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലും രംഗത്ത് വന്നിട്ടുണ്ട്. വിമർശനത്തിനും അഭിപ്രായങ്ങൾ പറയാനും പ്രസ്ഥാനത്തിൽ അവസരമുണ്ട്. സ്ഥാന മോഹങ്ങൾക്ക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നത് ശരിയല്ലെന്നും അപമാനിച്ചാൽ സ്വന്തം നിലപാട് ഉയരുമെന്ന് കരുതുന്നത് തെറ്റാണെന്നും അൻസിൽ പറഞ്ഞു.