എറണാകുളം: പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ മർദിച്ചതായി പരാതി. മുളന്തുരുത്തി സ്വദേശി ജോയലിനാണ് മർദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് തെറിച്ച് വീണ യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. തൃക്കാക്കര പൊലീസ് എത്തി മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.
കാക്കനാട് എൻജിഒ ക്വാട്ടേഴ്സിൽ എൻപിഒഎല്ലിന് സമീപം ജോയലിനെ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജോയലിൻ്റെ മൊബൈലും ബൈക്കിൻ്റെ താക്കോലും വാങ്ങിയെടുത്തു. യുവാവിനെ മർദിക്കുന്നത് കണ്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി സ്ഥലത്തെത്തി. പിന്നാലെ തൃക്കാക്കര പൊലീസ് എത്തി മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.