
തൃശൂർ എരുമപ്പെട്ടി ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിലെ അമ്പതിലധികം കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
വ്യാഴാഴ്ച സ്കൂളിൽ നിന്ന് ഉച്ചഭക്ഷണവും പാലും കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. സംഭവത്തെ തുടർന്ന് എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടോണി ആളൂരിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചിച്ചു. കുന്നംകുളം ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ എ. മൊയ്തീൻ്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.