വയനാട്: സർവതും ഉരുൾ എടുത്ത ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കുന്ന വീടുകൾ സംബന്ധിച്ച് നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് നിലനിൽക്കുന്നത്. സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും ദുരന്തബാധിതർക്കായി വീടുകൾ നിർമിക്കുന്നുണ്ട്. ഒന്നര വർഷം പൂർത്തിയാകുമ്പോഴും പുനരധിവാസത്തിന്റെ അന്തിമ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
ഒരു ദിവസം കൊണ്ട് കിടപ്പാടം നഷ്ടമായ 451 പേരാണ് സർക്കാർ പട്ടികയിലുള്ള നിലവിലെ ഗുണഭോക്താക്കൾ. ഇതിൽ 104 കുടുംബങ്ങൾ 15 ലക്ഷം രൂപവീതം കൈപ്പറ്റി ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് അറിയിച്ച്, മറ്റു സംഘടനകളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി. 347 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ സർക്കാർ വീട് നൽകുന്നത്. എന്നാൽ 410 വീടുകൾ നിർമിക്കുന്നുണ്ട്. ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കിലും മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്ന് മാറണമെന്ന് ആഗ്രഹിച്ച കുടുംബങ്ങളും സംഘടനകളുടെ പുനരധിവാസത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
അനൗദ്യോഗിക കണക്കുകൾ പ്രകാരം 1200 വീടുകളാണ് വിവിധ സംഘടനകളും വ്യക്തികളും പുനരധിവാസത്തിനായി വാഗ്ദാനം ചെയ്തത്. കർണാടക സർക്കാർ 100 വീട്, കോൺഗ്രസ് 100, യൂത്ത് കോൺഗ്രസ് 30, ഡിവൈഎഫ്ഐ 25, കെഎൻഎം 50, മുസ്ലിം ലീഗ് 104, ഓർത്തഡോക്സ് സഭ 50 വീട് എന്നിങ്ങനെ പോകുന്നു കണക്കുകൾ. ഒന്നര വർഷത്തിന് ഇടയിൽ വിവിധ സംഘടനകളും വ്യക്തികളും വീടുകളുടെ നിർമാണം പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്.
ഫിലോകാലിയ ഫൌണ്ടേഷൻ 14 വീടുകളും, കേരള വർക്ക് ഷോപ്പ് അസോസിയേഷൻ ഏഴും, പൊലീസ് അസോസിയേഷൻ നാലും, തമിഴ്നാട് ജമാ അത്തുൽ ഉലമ 14 വീടുകളും, അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ നല്ല പാഠം പദ്ധതിയും, ഒമാൻ കെഎംസിസി, ഐഎൻഎല്ലും ടിമ്പർ മർച്ചന്റ് അസോസിയേഷനും ഒരോ വീട് വീതവും പൂർത്തിയാക്കി താക്കോൽ കൈമാറി. വീടുകൾ പ്രഖ്യാപിച്ച കർണാടക സർക്കാറും ഡിവൈഎഫ്ഐയും സർക്കാരിന്റെ ടൗൺഷിപ്പിലേക്ക് തുക കൈമാറി. ടൗൺഷിപ്പിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ ദുരന്തബാധിതർക്ക് വീടുകൾ നൽകാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് സർക്കാർ
വീടുകൾ പ്രഖ്യാപിച്ച മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകൾ ഗുണഭോക്താക്കളെ കണ്ടെത്തി വീട് നിർമാണം ആരംഭിച്ചു. അതേസമയം 100 വീടുകൾ വാഗ്ദാനം ചെയ്ത കോൺഗ്രസിനും 30 വീടുകൾ വാഗ്ദാനം ചെയ്ത യൂത്ത് കോൺഗ്രസിനും ഇതുവരെ ഗുണഭോക്താക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ദുരന്തം സംഭവിച്ച് ഒന്നര വർഷം പൂർത്തിയാകുമ്പോഴും പുനരധിവാസത്തിന്റെ അന്തിമ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനും സാധിച്ചിട്ടില്ല.