തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ

32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ ശിക്ഷ വിധിച്ചത്...
ആൻ്റണി രാജു
ആൻ്റണി രാജുSource: Screengrab
Published on
Updated on

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

കേസിൽ ആൻ്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചനയും തെളിവ് നശിപ്പിക്കൽ കുറ്റവും തെളിഞ്ഞെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതി കെ.എസ്. ജോസും കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു.

ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്.

ആൻ്റണി രാജു
തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ, ശിക്ഷ പിന്നീട്

ഐപിസി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, 120 B - ഗൂഢാലോചന, 420- വഞ്ചന, 201- തെളിവുനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.

മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആൻ്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com