
കൊല്ലം: പ്രതീക്ഷിച്ച പോലെ സ്ത്രീധനം കിട്ടിയില്ലെന്ന് ആരോപിച്ച് കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി. ഓച്ചിറ അഴീക്കൽ സ്വദേശി അക്ഷയയ്ക്കാണ് ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ സൈനികനായ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.
മുഖത്ത് ഉൾപ്പെടെ ദേഹമാസകലം പരിക്കേറ്റ യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമർദനത്തിൻ്റെ കഥ യുവതി തന്നെയാണ് ന്യൂസ് മലയാളത്തോട് തുറന്നുപറഞ്ഞത്. തൻ്റെ ഗർഭം അലസിപ്പിക്കാൻ വേണ്ടി ഭർത്താവ് വയറ്റിൽ ആഞ്ഞു ചവിട്ടിയതായി യുവതി ആരോപിച്ചു.
പാത്രം കഴുകിയ ബ്രഷ് വാഷിംഗ് സിങ്കിൽ ഇട്ടതിൻ്റെയും കത്തി ഉപയോഗിച്ച് മീൻ വൃത്തിയാക്കിയതിൻ്റെയും പേരിലായിരുന്നു മർദനം. ഭർതൃ പിതാവിൻ്റെയും ഭർതൃ മാതാവിൻ്റെയും നിർദേശപ്രകാരമാണ് ഭർത്താവ് തന്നെ മർദിച്ചിരുന്നതെന്നും അക്ഷയ ന്യൂസ് മലയാളത്തോട് പറഞ്ഞു.