"ഡോ. ഹാരിസ് ചട്ടം ലംഘിച്ചു"; വിദഗ്‌ധ സമിതി റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി

ഔദ്യോഗിക വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ചട്ട ലംഘനമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍
ഡോ. ഹാരിസ് ചിറയ്ക്കല്‍
ഡോ. ഹാരിസ് ചിറയ്ക്കല്‍Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ ഉപകരണ ക്ഷാമ വിവാദത്തിൽ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസിന് എതിരെ നടപടിക്ക് ശുപാർശ ചെയ്യാതെ വിദഗ്ധ സമിതി റിപ്പോർട്ട്. ഔദ്യോഗിക വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ചട്ട ലംഘനമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. വിദഗ്ദ സമിതിയുടെ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി.

മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ഫയൽ വൈകിയത് ജില്ലാ കളക്ടർ കാലതാമസം വരുത്തിയത് മൂലമാണെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. സൂപ്രണ്ട് ഇടപെട്ട് ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി വേഗത്തിലാക്കി. രണ്ടാം യൂണിറ്റിൽ ഉപകരണങ്ങൾ ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഈ ഉപകരണങ്ങൾ ഡോക്ടർ ഹാരിസിന് ഉപയോഗിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. കമ്മിറ്റി ശിക്ഷാ നടപടിക്ക് ശുപാർശ ചെയ്യാത്തതിനാല്‍ ഹാരിസിന് എതിരായ നടപടി താക്കീതിൽ ഒതുങ്ങാനാണ് സാധ്യത.

ഡോ. ഹാരിസ് ചിറയ്ക്കല്‍
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; സിന്‍ഡിക്കേറ്റ് തീരുമാനം വിസിയെ മറികടന്ന്

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നിരുന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

News Malayalam 24x7
newsmalayalam.com