കണ്ണൂർ ബേപ്പൂർ തീരത്തിന് സമീപം തീ പിടിച്ച എംവി വാൻഹായ് 503 കപ്പൽ കത്തിയമരുന്നു. അപകടത്തിൽപ്പെട്ട കപ്പലിനടുത്തേക്ക് കോസ്റ്റ് ഗാർഡിന് അടുക്കാനാകുന്നില്ലെന്നും തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കേരള തീരത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ലാണ് തീപിടിത്തം ഉണ്ടായത്. ഡെക്കിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് തീ പടർന്നതെന്നാണ് നിഗമനം. കപ്പലിലുണ്ടായ 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള നാല് പേർക്കായുള്ള ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും തെരച്ചിൽ പുരോഗമിക്കുകയാണ്. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്‌ലൻഡ് പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കപ്പലിലുള്ള കണ്ടെയ്‌നറുകളിൽ സ്ഫോടന സാധ്യതയുള്ള വസ്തുക്കൾ ഉണ്ടെന്നാണ് നിഗമനം. 650 ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 50 കണ്ടെയ്‌നറുകൾ കടലിൽ വീണതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽവെള്ളം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. വെള്ളത്തിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കോഴിക്കോട് തീരത്ത് നിന്ന് 144 കി.മീ. വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് വാൻഹായ് 503 എന്ന കപ്പൽ അപകടത്തിൽപ്പെട്ടത്. ഇത് ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണെന്ന് സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്.