ഫേസ്ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ചതിൽ നടപടിയുമായി ആരോഗ്യവകുപ്പ്; വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം

മലപ്പുറം അരീക്കോട്ടെ 17കാരിക്കാണ് ഗുരുതര വൃക്കരോഗം ബാധിച്ചത്. ക്രീമുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തി
ഫേസ്ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ചതിൽ നടപടിയുമായി ആരോഗ്യവകുപ്പ്; വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം
Published on: 
Updated on: 

തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കാനെന്ന പേരിലെത്തിയ ഫെയർനെസ് ക്രീമിലെ വിഷബാധമൂലം 17കാരിക്ക് ഗുരുതര വൃക്കരോഗം ഉണ്ടായ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഫെയർനെസ് ക്രീമുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തി. ക്രീം ഓൺലൈൻ ആയിട്ടാണോ വാങ്ങിയതെന്നും വിദേശ നിർമിതമാണോ അതോ ഇന്ത്യൻ നിർമിതമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

ഡ്രഗ് കൺട്രോളറുടെ അനുമതിയുണ്ടോ എന്നതും പരിശോധിക്കാൻ നിർദേശമുണ്ട്. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം തിങ്കളാഴ്ച പ്രത്യേക സമിതിയെ നിയമിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇൻസ്റ്റഗ്രാം പരസ്യംകണ്ട് ഫെയർനെസ് ക്രീം വാങ്ങി ഉപയോ​ഗിച്ച മലപ്പുറം അരീക്കോട്ടെ 17കാരിക്കാണ് ഗുരുതര വൃക്കരോഗം ബാധിച്ചത്. തുടർ‌ന്ന് നടത്തിയ പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തി. ഇതോടെ പരാതിപ്പെട്ടെങ്കിലും കമ്പനി ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിൽ പെൺകുട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.

ഫേസ്ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ചതിൽ നടപടിയുമായി ആരോഗ്യവകുപ്പ്; വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം
ജീവനെടുക്കുന്ന ക്രീമുകൾ; മലപ്പുറത്ത് ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം

മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറി നിറംവെക്കുമെന്ന വാഗ്ദാനംകണ്ട് ഒരു വർഷത്തോളമാണ് പെൺകുട്ടി നൈറ്റ് ക്രീമായി ഉപയോഗിച്ചത്. തുടക്കത്തിൽ ഫലം കണ്ടതോടെ കൂടുതൽ ബോട്ടിലുകൾ വാങ്ങി ഉപയോഗം തുടർന്നു. ഇതോടെയാണ് രോ​ഗം പിടിപെട്ടത്. ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിയതായി പരിശോധനയിൽ സ്ഥിരീകരിച്ചു. 'മെംബ്രനസ് നെഫ്രോപതി' എന്ന വൃക്കരോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്. സംഭവത്തോടെ, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപന വീണ്ടും ആശങ്ക ഉയർത്തുന്നതാണ്.