കണ്ണൂർ: തളിപ്പറമ്പ് എംഎൽഎയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന് എതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച തുകയുമായി ബന്ധപ്പെട്ടായിരുന്നു പ്രചരണം. ഒരു ലൈറ്റിന് 24 ലക്ഷം രൂപ എന്ന പ്രചരണത്തെ തുടർന്നായിരുന്നു തളിപ്പറമ്പ് പൊലീസിൽ പരാതിയെത്തിയത്.
തളിപ്പറമ്പ് എംഎൽഎ കൂടിയായ എം.വി. ഗോവിന്ദൻ മാസ്റ്റർ, മണ്ഡലത്തിൽ മിനി മാസ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. മണ്ഡലത്തിലുടനീളം 12 മിനി മാസ് ലൈറ്റുകളാണ് എംഎൽഎ സ്ഥാപിച്ചത്.
എന്നാൽ ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയിൽ വാളുകളിലുണ്ടായ വ്യാജ പ്രചരണം. കോൺഗ്രസ്, ബിജെപി ഹാൻഡിലുകളാണ് 12 ലൈറ്റുകളുടെ തുകയായ 24 ലക്ഷം രൂപ, ഒരു ലൈറ്റിൻ്റേതെന്ന തരത്തിൽ പ്രചരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലൈറ്റ് എന്നടക്കം പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായത്.