കണ്ണൂർ കായലോട്ടെ റസീന ജീവനൊടുക്കിയത് സദാചാര വിചാരണയിൽ അല്ലെന്ന് ബന്ധുക്കൾ. റസീന ജീവനൊടുക്കാൻ കാരണം ആൺസുഹൃത്തെന്ന് മാതാവ് ആരോപിച്ചു. ആൺസുഹൃത്ത് സ്വർണവും പണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളെന്ന് യുവതിയുടെ മാതാവ്. ആൺസുഹൃത്ത് റസീനയുടെ ജീവിതം തകർത്തു. പണവും സ്വർണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണെന്നും റസീനയുടെ മാതാവ് ആരോപിച്ചു.
അതേസമയം, സദാചാര ആക്രമണം ഉണ്ടായെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്. പ്രതികൾക്കെതിരെ ആത്മഹത്യ കുറിപ്പ് ഉൾപ്പടെ കൃത്യമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണമെന്നരോപിച്ച് റസീനയുടെ ആത്മഹത്യയിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീന മൻസിലിലെ റസീന എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പിൽ നിന്നുമാണ് മരണത്തിന് പിന്നിൽ സദാചാരമാണെന്ന സൂചന ലഭിച്ചത്. പിന്നാലെ പിണറായി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളുണ്ടെന്നാണ് വിവരമെന്ന് പറഞ്ഞ പൊലീസ്, അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു.