
ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതോടെ കഴിഞ്ഞ രണ്ടര വര്‍ഷമായി വൃദ്ധ ദമ്പതികള്‍ കഴിയുന്നത് വീടിന് പുറത്തെ ഷെഡിലാണ്. കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കരയിലെ പത്മനാഭനും ഭാര്യ ദേവിയുമാണ് വീടിന് മുന്നില്‍ ടാര്‍പോളിന്‍ ഷെഡ് കെട്ടി അന്തിയുറങ്ങുന്നത്. അധികം വൈകാതെ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവര്‍.
2016ലാണ് മകളുടെ വിവാഹാവശ്യത്തിനായി യൂണിയന്‍ ബാങ്ക് നീലേശ്വരം ബ്രാഞ്ചില്‍ നിന്ന് പത്മനാഭന്‍ 16 ലക്ഷം രൂപ വായ്പയെടുത്തത്. മകളുടെ പേരിലാണ് വായ്പയെടുത്തതെങ്കിലും അച്ഛനും അമ്മയുമായിരുന്നു സാക്ഷികള്‍. വായ്പാ തുകയില്‍ നിന്ന് ഒരു രൂപ പോലും മാതാപിതാക്കള്‍ എടുത്തുമില്ല.
തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2023ല്‍ ബാങ്ക് അധികൃതരെത്തി വീട് സീല്‍ ചെയ്തു. ഇതോടെ എവിടെയും പോകാനില്ലാത്ത വൃദ്ധദമ്പതികള്‍ വീടിനുപുറത്ത് ഷീറ്റ് വലിച്ചുകെട്ടിയാണ് താമസം. 13 ലക്ഷം രൂപ ബാങ്കിലടച്ചതായും ഇതിന് കൃത്യമായ രേഖകള്‍ തന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വായ്പാ കുടിശിക വര്‍ധിച്ചതോടെ വീടിനും സ്ഥലത്തിനും ചുറ്റും കയര്‍കെട്ടി, ജപ്തി ചെയ്തതായുള്ള നോട്ടീസും ബാനറും സ്ഥാപിച്ചിട്ടുണ്ട്. ഇനി വീട്ടില്‍ കയറരുതെന്നും കയറിയാല്‍ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഏക അഭയമായ ഷെഡില്‍ നിന്ന് കൂടി ഇറങ്ങേണ്ടി വന്നാല്‍ ഇനി എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് ഈ വൃദ്ധ ദമ്പതികള്‍.