

വയനാട്: സംസ്ഥാനത്തെ കർഷകരുടെ നടുവൊടിച്ച് രാസവളങ്ങളുടെ വില വർധിക്കുന്നു. കൃഷിക്ക് ഏറ്റവും കൂടുതൽ ആവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, കുമിൾനാശിനിയായ തുരിശ് എന്നിവയ്ക്കാണ് കുത്തനെ വില കൂടിയത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും കേന്ദ്രസർക്കാർ രാസവള കമ്പനികൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചതുമാണ് തിരിച്ചടിക്ക് കാരണം. അതേസമയം, നിയന്ത്രിത വിലയിലുള്ള യൂറിയക്കും ഡി.എ.പിക്കും ലഭിച്ചിരുന്ന കടത്തുകൂലി കമ്പനികൾ നിർത്തലാക്കിയതോടെ ബോർഡിൽ രേഖപ്പെടുത്തിയ എം.ആർ.പി നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് വ്യാപാരികൾ.
ദിനംപ്രതി കനത്ത നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ടിവരുന്ന കർഷകർക്ക് ഇരട്ടത്താപ്പായി മാറിയിരിക്കുകയാണ് നിലവിലെ രാസവള വിലവർധനവ്. കഴിഞ്ഞ ഫെബ്രുവരിയിൽ 1,425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് ഇപ്പോൾ വിപണിയിൽ 2,400 രൂപയോളമാണ് വില. 1500 രൂപയായിരുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനും 2,200 രൂപ കടന്നു. വിള സംരക്ഷണത്തിന് അത്യാവശ്യമായ തുരിശിൻ്റെ വിലയിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടമുണ്ടായത്.
മുൻപ് കിലോയ്ക്ക് 210 രൂപയായിരുന്നത് ഇരട്ടിയിലധികം വർധിച്ച് 540 രൂപയിലെത്തി നിൽക്കുന്നു. യൂറിയ, ഡി.എ.പി എന്നിവയൊഴികെ കർഷകർ പ്രധാനമായും ഉപയോഗിക്കുന്ന റോക്ക് ഫോസ്ഫേറ്റ്, എൻപികെ മിശ്രിതങ്ങൾ തുടങ്ങി മറ്റെല്ലാ രാസവളങ്ങൾക്കും 40 ശതമാനത്തോളം വില വർധിച്ചിട്ടുണ്ട്. യൂറിയ, ഡിഎപി അടക്കമുള്ള പ്രധാന വളങ്ങൾക്ക് മുൻപ് കമ്പനികളിൽ നിന്ന് കടത്തുകൂലി ലഭിച്ചിരുന്നു. എന്നാൽ നിലവിൽ ആ ആനുകൂല്യവും ഇല്ലാതായെന്ന് വ്യാപാരികൾ പറയുന്നു.
എല്ലാ വളങ്ങൾക്കും സമാനതകളില്ലാത്ത വിലവർധനവ് ഉണ്ടായതോടെ ഇനി കൃഷിയുമായി മുൻപോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് കർഷകർ. എംആർപി നിരക്കിനേക്കാൾ കൂടുതൽ തുക നൽകേണ്ടി വരുന്നതും കടുത്ത പ്രതിസന്ധിയിലാക്കുന്നു. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെടുകയാണ് കർഷകർ.
ആഗോള വിപണിയിലെ പ്രതിസന്ധികളും പശ്ചിമേഷ്യൻ യുദ്ധ ഭീതിയും കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വളം വിപണിയിലെ അമിത വിലക്കയറ്റം നിയന്ത്രിക്കാനും കമ്പനികളുടെ കടത്തുകൂലിയിലെ പ്രശ്നങ്ങളിൽ അടക്കം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയാകുമെന്നും സംസ്ഥാനത്തെ കർഷകർ പറയുന്നു.