കൊല്ലം മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ നടത്തിയ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയക്ക് വിധേയനായ ചാത്തന്നൂർ സ്വദേശി ഹഫീസിൻ്റെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. സീനിയർ ന്യൂറോ സർജൻ ഡോക്ടർ ജേക്കബ് ജോണിനെതിരെയാണ് ഹഫീസ് പരാതി നൽകിയിരിക്കുന്നത്. സർജറിക്ക് ജൂനിയർ ഡോക്ടറെ ചുമതലപ്പെടുത്തിയതാണ് ചികിത്സാ പിഴവിന് കാരണമെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ഏപ്രിൽ 25 നാണ് ഹഫീസ് കൊല്ലം മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ കൈയ്യിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയനായത്. ഹഫീസിന് ഒരു വര്‍ഷമായി ഇടത് കൈയില്‍ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്ന രോഗത്തിൻ്റെ ലക്ഷണം ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കായി ഡോക്ടർ ജേക്കബ് ജോൺ എത്തിയിരുന്നില്ലെന്ന് ഹഫീസ് പറഞ്ഞു.
ജൂനിയർ വനിതാ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഒബ്സർവേഷൻ മുറിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടർ ജേക്കബ് ജോൺ എത്തിയത്. ശസ്ത്രക്രിയ നടത്താൻ ജേക്കബ് ജോൺ എത്താത്ത വിവരം ഹഫീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ക്ഷുഭിതനായ ഡോക്ടർ ഹഫീസിന് ഡിസ്ചാർജ് എഴുതി നൽകുകയായിരുന്നു. മുറിവുണങ്ങാൻ ആൻ്റിബയോട്ടിക്ക് മരുന്ന് പോലും നൽകിയില്ലെന്നാണ് ഡിസ്ചാർജ് സമ്മറിയിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് ഡോക്ടർ ജേക്കബ് ജോൺ ജൂനിയർ ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്.
കടുത്ത വേദനയയെ തുടർന്ന് കൊല്ലം ജില്ലാ ആശുപതിയിലും, പിന്നിട് മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഹഫീസിൻ്റെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ചികിത്സാ പിഴവിൽ മുഖ്യമന്ത്രിക്കും, സിറ്റി പൊലീസ് കമ്മീഷണർക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സ നടത്തിയ ഡോക്ടർമാരുടെ യോഗ്യതയുൾപ്പെടെ പൊലീസിൻ്റെ അന്വേഷണ പരിധിയിലാണ്.