പത്തനംതിട്ട: അടൂർ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പതിനാറുകാരന്റെ പിതാവ്. കുട്ടിയെ കേസിൽ പ്രതിയാക്കാൻ സിഐയുടെ നേതൃത്വത്തിൽ നിരന്തര ശ്രമമെന്നാണ് ആരോപണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി. കുട്ടിയെ മോഷണക്കേസിൽ പെടുത്തുമെന്ന് പറഞ്ഞുവെന്നും പിതാവ് ആരോപിക്കുന്നു.
സുഹൃത്തിന്റെ സ്വർണവള കൂട്ടുകാർ ചേർന്ന് വില്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യഥാർഥ കുറ്റക്കാരെ സംരക്ഷിക്കാനാണ് മകനെ പ്രതിയാക്കാൻ ശ്രമിക്കുന്നതെന്നാണ് പിതാവിൻ്റെ ആരോപണം. പൊലീസ് രക്ഷിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിയുകയോ വീട്ടിൽ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നും പിതാവ് പറയുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് വിഷയങ്ങൾ ചൂണ്ടിക്കാട്ടി കുടുംബവും പൊതുപ്രവർത്തകരും പരാതി നൽകിയിരുന്നു. എന്നാൽ സംഭവം അന്വേഷിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും ആക്ഷേപമുണ്ട്. അടൂർ സിഐക്ക് അനുകൂലമല്ലാത്ത റിപ്പോർട്ട് നൽകിയതിനാലാണ് ഇയാളെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. സംഭവത്തിൽ അടൂർ പൊലീസിനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കുടുംബം പരാതി നൽകി.