കൊച്ചി: വയനാട് പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ട സഹായത്തിന്‍റെ കണക്കുകള്‍ പുറത്ത്. കേരളം ആവശ്യപ്പെട്ടത് 2221.02 കോടിയാണെന്നും കേന്ദ്ര സമിതി ശുപാർശ ചെയ്തത് 260.56 കോടിയാണെന്നും കണക്കുകളിൽ പറയുന്നു. സംസ്ഥാനം ആവശ്യപ്പെട്ടതിൻ്റെ 11.73 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിച്ചത്. മേപ്പാടിയിലെ ദുരന്തത്തിലുണ്ടായത് 979.7 കോടിയുടെ നഷ്ടമാണ്, ഇത് നികത്താനാണ് കേന്ദ്രത്തിൽ നിന്ന് സഹായം ആവശ്യപ്പെട്ടത്.
വയനാട് ദുരന്തബാധിതരുടെ വായ്പാ വിശദാംശങ്ങളും പുറത്തുവന്നു. ദുരിതബാധിതരായ 779 കുടുംബങ്ങൾ ആകെ 30.6 കോടി രൂപയുടെ വായ്പയുണ്ടെന്ന് കണക്കുകളിൽ പറയുന്നു. ഇതിൽ 21.4 കോടിയും കേന്ദ്ര നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ്. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് വിശദാംശങ്ങൾ വ്യക്തമായത്. സംസ്ഥാന ദുരന്ത നിവാരണ അഡീ. സെക്രട്ടറി ബിന്ദു സി. വർഗീസാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി ഇന്ന് ആഞ്ഞടിച്ചിരുന്നു. നിയമത്തിൽ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു . ദുരിതബാധിതർക്കെതിരായ ജപ്തി നടപടികൾ കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ ബാങ്കുകളെ കക്ഷി ചേർത്തിരിക്കുകയാണ് ഹൈക്കോടതി.
ആർബിഐ മാർഗ നിർദേശങ്ങളിൽ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ വായ്പ എഴുതിത്തള്ളാന്‍ മനസുണ്ടോ എന്നതാണ് പ്രശ്‌നമെന്ന് കോടതി പറഞ്ഞു. ബാങ്കുകൾ ബാങ്കുകൾ ബ്ലൂ പ്രിന്റ് തയ്യാറാക്കി സർക്കാരുമായി സഹകരിച്ചു ജപ്തി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.