വിനോദ നികുതി പിൻവലിക്കുന്നതിൽ സമവായം; ജനുവരി 22ന് പ്രഖ്യാപിച്ച സിനിമാ സമരം പിൻവലിച്ചു

വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: സിനിമ സംഘടനകൾ ജനുവരി 22ന് പ്രഖ്യാപിച്ച സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി ചർച്ചയിലാണ് തീരുമാനം. വിനോദ നികുതി ഒഴിവാക്കുന്നതിലും ചർച്ചയിൽ സമവായമായി. ഇതോടെയാണ് തിങ്കളാഴ്ച തീയേറ്ററുകൾ അടച്ചിടില്ലെന്ന തീരുമാനത്തിലെത്തിയത്. സിനിമാ ചിത്രീകരണങ്ങളും തടസമില്ലാതെ തുടരും. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമായെന്നാണ് വിവരം.

വിവിധ ആവശ്യങ്ങളുന്നയിച്ച് സിനിമാമേഖല നാളെ ഷൂട്ടിങും തീയേറ്ററുകളും സ്തംഭിപ്പിച്ച് സൂചനാ പണിമുടക്ക് നടത്താനൊരുങ്ങവെയാണ് സംഘടനകളുമായി സംസ്ഥാന സർക്കാർ ഇന്ന് ചർച്ച നടത്തിയത്. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാന്റെ ചേംബറിലായിരുന്നു ചർച്ച. ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി എടുത്ത് കളയണമെന്നാണ് വർഷങ്ങളായി സംഘടനകൾ ആവശ്യപ്പെടുന്ന കാര്യം.

പ്രതീകാത്മക ചിത്രം
നിങ്ങള്‍ സുഹൃത്തുക്കളായിരുന്നോ? നയന്‍താരയും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ട് ആരാധകര്‍

നികുതി കൂടാതെ ദിവസവും വൈകിട്ട് ആറ് മുതൽ തീയേറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കുക, കെഎസ്എഫ്ഡിസിക്കും ചലച്ചിത്ര അക്കാദമിക്കും പ്രതിവർഷം തീയേറ്ററുകളിൽ നിന്ന് സ്വരൂപിച്ച് നൽകുന്ന 1.5കോടി രൂപയുടെ സംഭാവന നിർത്തുക, സർക്കാർ ലൊക്കേഷനുകളിലെ ഷൂട്ടിങ് അനുമതിക്കും ഫീസ് അടയ്ക്കുന്നതിനും ഏകജാലക സംവിധാനം ഒരുക്കുക, ചിത്രാഞ്ജലിയിൽ നിർമിക്കുന്ന സിനിമകൾക്കുള്ള സർക്കാർ സബ്സിഡി അഞ്ച് ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി ഉയർത്തുക, തീയേറ്ററുകളുടെ പ്രവർത്തന ലൈസൻസ് പുതുക്കുന്നതിന്റെ കാലാവധി 5 വർഷമാക്കുക എന്നിവയാണ് സംഘടനകൾ ഉന്നിക്കുന്ന പ്രധാന ആവശ്യങ്ങൾ.

നേരത്തെ, കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് സൂചനാ സമരത്തിന് തീരുമാനമായത്. തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ് നിർത്തിവച്ചും സമരം ചെയ്യാനായിരുന്നു തീരുമാനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചകളിൽ പരിഹാരമുണ്ടായില്ല. വീണ്ടും ചർച്ച നടത്താം എന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായി ഒരു തീയതി അറിയിച്ചിരുന്നില്ല. ഇതോടെയാണ് ഈ മാസം 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ഉൾപ്പെടെ പിന്തുണ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com