തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട്. മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടിയ്ക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ചെലവുകളുടെ പൂർണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ല. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി സർക്കാർ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകൾക്ക് മുൻകൂറായി നൽകി. ബില്ലുകളിലും വൗച്ചറുകളിലും അവ്യക്തത ഉൾപ്പെടെ ക്രമക്കേടുകൾ നിരത്തിയാണ് റിപ്പോർട്ട്.
അതേസമയം, 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട് തള്ളി ഡോ. മുഹമ്മദ് അഷീൽ. തുക ചെലവഴിച്ചത് കൊവിഡ് അടിയന്തിരാവസ്ഥക്കാലത്തെ പ്രത്യേക സാമ്പത്തിക അധികാരം ഉപയോഗിച്ചെന്ന് വാദം. മഹാമാരിയുടെ കാലത്ത് സാധാരണ ടെണ്ടർ നടപടികൾ പാലിക്കേണ്ടതില്ല. വാങ്ങലുകൾക്ക് ശേഷം ബന്ധപ്പെട്ട മന്ത്രിയുടെ അനുമതി ഫയൽ വഴി വാങ്ങിയാൽ മതി. ഇത് പൂർണമായി അവഗണിച്ചുകൊണ്ടാണ് ധനകാര്യ വകുപ്പിന്റെ സാമ്പത്തിക ക്രമക്കേട് ആരോപണമെന്നും ഡോ. അഷീലിന്റെ മറുപടി കത്ത്. ജൂൺ എട്ടിന് ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് വിശദീകരണം.
ടെണ്ടർ പരസ്യം നൽകിയില്ല, 30 ദിവസത്തെ സമയപരിധി പാലിച്ചില്ല, മുൻകൂർ പണം നൽകി, മുൻകൂർ അനുമതി വാങ്ങിയില്ല തുടങ്ങിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കത്തിൽ പറയുന്നു. ഒരു ഭരണസമിതി നിയമപരമായി അംഗീകരിച്ച കാര്യങ്ങളെയും എടുത്ത തീരുമാനങ്ങളെയും ഒരു പരിശോധനാ സംഘം കൃത്യമായ കാരണങ്ങളോ നിയമപരമായ വിശദീകരണങ്ങളോ ഇല്ലാതെ തള്ളിക്കളഞ്ഞു. ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് യഥാർത്ഥ രേഖകൾ പരിശോധിക്കാതെയാണ്. റിപ്പോർട്ട് പൂർണ്ണമായി റദ്ദാക്കണമെന്ന് കത്തിൽ ഡോ. അഷീൽ ആവശ്യപ്പെടുന്നുണ്ട്. അന്തിമ തീരുമാനം വരും വരെ വകുപ്പ് തല നടപടി ഒഴിവാക്കണം. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും കത്തിൽ അഷീൽ പറയുന്നുണ്ട്.