

ഫോര്‍ട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡര്‍ ഹൗസിന് തീപിടിച്ചു. ചൊവാഴ്ച വൈകീട്ട് ഏഴോടെയാണ് കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് തീ ഉയർന്നത്. പിന്നാലെ മറ്റു നിലകളിലേക്കും തീ പടരുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അഗ്നിശമനാ സേനകളാണ് രണ്ട് മണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു, അതേസമസമയം ആളപായം ഇല്ല. ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച പൈതൃക കെട്ടിടം ഹോട്ടലായി പ്രവർത്തിച്ചുവരികയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. അത് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. മുകളിലെ നില ഏറെക്കുറെ പൂര്‍ണമായും കത്തിയ നിലയിലാണ്. തേക്കിൻ തടി കൊണ്ട് നിർമിച്ച ഫർണീച്ചറുകളായിരുന്നു ഇവിടെ ഏറെയും. അതാണ് തീ പടരാനും കാരണമായത്. തീപിടിക്കുമ്പോള്‍ ഹോട്ടലിലെ റൂമുകളിലും, താഴത്തെ നിലയിലെ ബാറിലും ആളുകളും ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെയെല്ലാം വേഗത്തില്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. മുറികളിലെ ഗസ്റ്റുകള്‍ പലരും പുറത്തുമായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതാണ് വിലയിരുത്തല്‍. ആളപായമോ, ഗുരുതര പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഗസ്റ്റുകളില്‍ ചിലരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ കത്തിനശിച്ചതായാണ് വിവരം.
മട്ടാഞ്ചേരിയിലെ അഗ്നിശമനാ സേനയുടെ രണ്ട് യൂണിറ്റാണ് ആദ്യം എത്തിയത്. പിന്നാലെ, നാവികസേന, കൊച്ചിൻ പോർട്ട്, ക്ലബ്ബ് റോഡ്, ഗാന്ധി നഗര്‍, തൃക്കാക്കര, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനാ യൂനിറ്റുകള്‍ ഉടപ്പെടെ പത്തിലധികം യൂണിറ്റുകൾ രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.