കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണവിധേയമായി. 12 ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പ്രാദേശികമായി ലഭ്യമായ രണ്ട് കുടിവെള്ള ടാങ്കറുകളും ദൗത്യത്തിന്റെ ഭാഗമായി. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, റൂറൽ പോലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ എന്നിവർ ചേർന്നാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. തീപിടിത്തത്തിൽ 50 ഓളം കടകൾ കത്തിയെന്ന് പ്രാഥമിക നിഗമനമെന്ന് കളക്ടർ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തുടക്കത്തിൽ മതിയായ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നെങ്കിലും, ജില്ലാ കളക്ടർ ഇത് പൂർണമായും തള്ളി. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകളാണ് എത്തിയത്. തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തും. നഷ്ടപരിഹാരം പിന്നീട് കണക്കാക്കും. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കളിപ്പാട്ടക്കടയിൽ നിന്നും തീ പടരുകയായിരുന്നു. കടയിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ദേശീയ പാതയിൽ തിരക്കേറിയ പ്രദേശത്താണ് അപകടമുണ്ടായത്.