വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രൻ്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി നൗഷാദ്. സമൂഹ മാധ്യമത്തിലൂടെയാണ് നൗഷാദിൻ്റെ പ്രതികരണം. പ്രതി നിലവിൽ സൗദിയിലാണ് ഉള്ളത്. ഹേമചന്ദ്രൻ്റേത് ആത്മഹത്യ അല്ലെന്നും കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും നൗഷാദ് പറഞ്ഞു.
തനിക്കും തൻ്റെ സുഹൃത്തുക്കൾക്കും ഉൾപ്പെടെ ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ട്. മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും നൗഷാദ് വെളിപ്പെടുത്തി. പൈസ കിട്ടാൻ വേണ്ടി പലയിടങ്ങളിലും ഒരുമിച്ചാണ് പോയത്. എഗ്രിമെൻ്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിൻ്റെ കൈവശമുണ്ടെന്നും നൗഷാദ് പറഞ്ഞു.
മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞ് ഹേമചന്ദ്രൻ തിരിച്ചെത്തി. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ താമസിപ്പിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യാൻ തന്നെ വന്നതാണ്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹേമചന്ദ്രൻ താമസിച്ചത്. ആവശ്യമെങ്കിൽ അയാൾക്ക് പോകാമായിരുന്നു, തൻ്റെ വീട്ടിൽ ആക്കിയപ്പോഴും പോകാമായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
രാവിലെ മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടത്. ഹേമചന്ദ്രൻ്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. താൻ എങ്ങോട്ടും മുങ്ങിയിട്ടില്ല. രണ്ടുമാസത്തെ വിസിറ്റിംങ് വിസയ്ക്കാണ് സൗദിയിൽ വന്നത്. തിരിച്ചുവന്ന് പൊലീസിന് മുന്നിൽ കീഴടങ്ങുമെന്നും എന്നും പ്രതി നൗഷാദ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ മൈസൂരിൽ വെച്ച് കണ്ടെത്തിയിരുന്നു. ഹേമചന്ദ്രന് നിരവധി പേരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രതി നൗഷാദ് ഹേമചന്ദ്രന് പണം കടം നല്‍കിയിരുന്നു. നിരവധി തവണ തിരിച്ചു ചോദിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ ഹേമചന്ദ്രന്‍ തയ്യാറാകാത്തതാണ് തട്ടിക്കൊണ്ടു പോകലിനും, കൊലപാതകത്തിനും വഴി തെളിയിച്ചത്.
എന്നാൽ ഹേമചന്ദ്രൻ്റേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി നൗഷാദ് ഹേമചന്ദ്രന് പണം കടം നല്‍കിയിരുന്നു.നിരവധി തവണ തിരിച്ചു ചോദിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ ഹേമചന്ദ്രന്‍ തയ്യാറാകാത്തതാണ് തട്ടിക്കൊണ്ടു പോകലിനും, കൊലപാതകത്തിനും വഴി തെളിയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.