

കണ്ണൂർ: രാഷ്ടീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സി.വി. ധനരാജ് വധക്കേസിൽ ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി വിപിൻ എം., മൂന്നാം പ്രതി വൈശാഖ് എം. എന്നിവർ കുറ്റക്കാർ. പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞെന്ന് കോടതി കണ്ടെത്തി.
ബാക്കി 16 പേരെ വെറുതെ വിട്ടു. തളപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധിയിൽ വാദം ഉച്ചക്ക് ശേഷം നടക്കും.
ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 20 പേരെയാണ് കേസിലെ പ്രതികൾ. 12ാം പ്രതി ചൂരക്കാട് ബിജു വിചാരണ വേളയിൽ കൊല ചെയ്യപ്പെട്ടിരുന്നു. 2016 ജൂലൈ 11-നാണ് രാമന്തളി കുന്നരു കാരന്താട്ടെ വീടിന് മുന്നിൽ വെച്ച് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറകു വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്, ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം എന്നതാണ് കേസ്. ആറ് പേരായിരുന്നു കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നത്. ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, വിപിന്‍ എം., വൈശാഖ് എം. എന്നിവര്‍ ചേര്‍ന്നാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇതില്‍ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ. അനൂപും പത്താം പ്രതി കെ. മനൂപും സഹോദരന്മാരാണ്. പതിനെട്ടാം പ്രതി രമേശന് ഒമ്പാതാം പ്രതി പി. രാജേിന്റെ സോഹദരനാണ്. കേസിലെ പതിനാറാം പ്രതിയായ തിരുവനന്തപുരം സ്വദേശി കണ്ണന് എന്ന ആജീഷ് ആര്‍എസ്എസ് ജില്ലാ പ്രമുഖായിരുന്നു.
2016 ജൂലൈ 12നാണ് സി.വി. ധനരാജ് കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് പൊലീസ് പിടിയിലാകുന്നത്. തുടരന്വേഷണത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലായി. കേസില്‍ ആകെ 20 പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതിനിടെ 2017 മേയ് 12ന് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബര്‍ 22നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപ്പട്ടികയില്‍ മൂന്ന് പേര് കോടതിയില്‍ എത്തിയിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താന്‍ രണ്ടിടത്ത് ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷന് വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍, ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 2026 ഒക്ടോബര്‍ 14ന് വിചാരണ നടപടികള്‍ പൂര്‍ത്തിയായി. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് വിധി പ്രസ്താവം ഉണ്ടാകുന്നത്.