

സ്കൂൾ കായികമേളയിൽ മിന്നും താരങ്ങൾ കുതിപ്പ് തുടരുമ്പോഴും സ്കൂൾ കായികമേളയിൽ പലയിടങ്ങൾ നിന്നായി പരാതികൾ ഉയരുന്നു. കോട്ടയം കോരുത്തോട് സ്കൂളിനെതിരെ പ്രായത്തട്ടിപ്പ് പരാതിയുമായി മാർ ബേസിൽ സ്കൂൾ രംഗത്തെത്തി. യുപി സ്വദേശിയായ വിദ്യാർഥി ആധാർ കാർഡ് തിരുത്തി മത്സരിച്ചെന്നാണ് കണ്ടെത്തൽ. പരാതി ഉയർന്നിട്ടും ഫൈനൽ ലിസ്റ്റിൽ നിന്ന് വിദ്യാർഥിയെ ഒഴിവാക്കിയില്ലെന്നും പരാതി ഉയർന്നു
സബ് ജൂനിയർ വിഭാഗം 400 മീറ്റർ ഹീറ്റ്സിൽ യുപി സ്വദേശിയായ പന്ത്രണ്ടുകാരൻ മിന്നും പ്രകടനം നടത്തിയതോടെയാണ് പരാതി ഉയർന്നത്. കോട്ടയം മാർബേസിൽ സ്കൂൾ പരിശീലകർ സംഘാടകർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ഇത്തരം നീക്കം മേളയുടെ പകിട്ട് നശിപ്പിക്കുമെന്നും പരിശീലകർ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി
ജില്ലാ മീറ്റിലും സമാന പരാതി അധ്യാപകർ ഉയർത്തിയിട്ടും അധികൃതർ ഇടപെട്ടില്ലെന്ന് വ്യക്തമാണെന്നും കായിക വകുപ്പ് അറിയാൻ ഫേസ്ബുക്കിൽ അടക്കം ഈ ആരോപണം നേരത്തെ ഉയർന്നിരുന്നു എന്നും അധ്യാപകർ പറഞ്ഞു. 2012ലും 2014ലും ജനനതീയതി ഉള്ള ആധാർ കാർഡുകൾ പുറത്തുവിട്ടാണ് പരാതി സമർപ്പിച്ചത്. ഇത്തരം പരാതികൾ പരിഹരിക്കാൻ ബോൺ ടെസ്റ്റ് നടത്തുമെന്ന കായികമന്ത്രിയുടെ വാക്ക് ഇതോടെ പാഴ്വാക്കായി. തമിഴ്നാട്ടിൽ ജൂനിയർ മീറ്റ് നടക്കുന്ന സമയത്ത് തന്നെ സംസ്ഥാന സ്കൂൾ കായികമേള വന്നതിൽ അവസരം നഷ്ടമായ വിദ്യാർഥികളും പരാതിയുമായി എത്തി.
ട്രാക്കിൽ മാത്രമല്ല കായികമേളയുടെ ഭക്ഷണ വേദിയിലും സംഘാടനപിഴവിലും പരാതി ഉയർന്നു. എന്നാൽ കായികമേളയെ സംബന്ധിച്ച് പോസിറ്റീവ് വാർത്തകൾ നൽകണം എന്ന് വിദ്യാഭ്യാസ മന്ത്രിയുടെ എൻ. ഷംസുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ അടക്കം ചെറിയ പിഴവുകളുണ്ടായി എന്നാൽ പിന്നീട് അത് പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഇന്നുമുതൽ 2000ത്തിലധികം പേർക്ക് കൂടി അധികമായി ഭക്ഷണ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി
മാധ്യമ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് അറിഞ്ഞു എന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് കൂപ്പണിന്റെ ആവശ്യമില്ല ഐഡി കാർഡ് ഉപയോഗിച്ച് ഭക്ഷണം വാങ്ങാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാത്തരത്തിലും കുറ്റമറ്റ രീതിയിൽ സംഘാടന പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നെന്ന് മന്ത്രി പറഞ്ഞു.