ചൂരൽമലയെ ഭീതിയിലാഴ്ത്തി വീണ്ടും മലവെള്ളപ്പാച്ചിൽ; ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തുന്നെന്നും റവന്യൂ മന്ത്രി

ചൂരൽമലയിൽ റവന്യൂ വകുപ്പ് സഹായമൊന്നും നൽകുന്നില്ലെന്ന് പറഞ്ഞ് നാട്ടുകാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു.
K. Rajan
ചൂരൽമലയിലെ മലവെള്ളപ്പാച്ചിൽ, മന്ത്രി കെ. രാജൻSource: News Malayalam 24x7
Published on

ഉരുൾപ്പൊട്ടലിൻ്റെ മുറിവ് ഉണങ്ങാത്ത വയനാട് ചൂരൽമലയിൽ വീണ്ടും ആശങ്കയേറ്റി മലവെള്ളപ്പാച്ചിൽ. പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ അട്ടമല റോഡ് മുങ്ങി. ഉരുൾപ്പൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ മണ്ണിടിച്ചിൽ ഉണ്ടായെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തുന്നെന്നും റവന്യൂമന്ത്രി പറഞ്ഞു. ചൂരൽമലയിൽ റവന്യൂ വകുപ്പ് സഹായമൊന്നും നൽകുന്നില്ലെന്ന് പറഞ്ഞ് നാട്ടുകാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ പെയ്യുന്നത്. പുന്നപ്പുഴയിൽ ജലനിരപ്പുയർന്ന് ചെളിവെള്ളം കുത്തിയൊലിക്കുന്നു. മഴ കനത്തതോടെ ആശങ്കയിലായ ദുരന്തബാധിതർ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ വാക്ക് പാലിക്കുന്നില്ലെന്നും, ജീവനോപാധി ഉൾപ്പടെ ലഭിക്കേണ്ട സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. പ്രതിഷേധം കനത്തതോടെ തഹസിൽദാർ സ്ഥലത്തെത്തി ദുരിതബാധിതരെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ കളക്ടർ സ്ഥലത്തെത്തണമെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു.

പ്രതിഷേധക്കാരുമായി സംസാരിച്ച എഡിഎം കെ. ദേവകി ദുരന്തസമയത്ത് 10, 11, 12 വാർഡുകളിൽ താമസിച്ച മുഴുവനാളുകൾക്കും ദിവസവേതനം നൽകുമെന്ന് ഉറപ്പ് നൽകി. തോട്ടം തൊഴിലാളികളുടെ കാര്യം അതിന് ശേഷം പരിഗണിക്കുമെന്ന് എഡിഎം ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ചൂരൽമലയിലേത് ഉൾപ്പടെ വയനാട്ടിലെ മഴ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും, ദുരിതബാധിതർക്ക് ജീവനോപാധി ഉൾപ്പടെ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി കെ. രാജൻ. ഉരുൾപ്പൊട്ടലുണ്ടായിട്ടില്ലെന്നും മന്ത്രി.

K. Rajan
വയനാട് ചൂരല്‍മലയില്‍ കനത്തമഴ; മുണ്ടക്കൈ-അട്ടമല റോഡ് വെള്ളത്തില്‍ മുങ്ങി; പ്രതിഷേധിച്ച് നാട്ടുകാർ

ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടവും റവന്യൂ അധികൃതരും സ്ഥിരീകരിക്കുന്നത്. മലമുകളിൽ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുൾ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈയിൽ ജനവാസമില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞുപോയ ദുരന്തത്തിൻ്റെ ഞെട്ടൽ ഇനിയും വിട്ടുമാറാത്ത ചൂരൽമലക്കാർക്ക് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങി. ജലനിരപ്പ് താഴ്ന്നതോടെ ഇവരെ തിരികെയെത്തിച്ചു. ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.

മഴ തുടരുമെന്നും ജലനിരപ്പ് ഉയരുമെന്നും ഒരു മുന്നറിയിപ്പും സർക്കാരും സംവിധാനങ്ങളും നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യൂ ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു. ധനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഈ വർഷവും കാലവർഷത്തിനിടെ ഇവിടെ കനത്ത മഴ ഉണ്ടായെങ്കിലും ഇത്രയധികം നീരൊഴുക്ക് ഇതാദ്യമാണ്. മരങ്ങളും പാറക്കല്ലുകളും പുന്നപ്പുഴയിലൂടെ ഒഴുകിയെത്തി. പക്ഷേ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് റവന്യൂ അധികൃതരും ജില്ലാ ഭരണകൂടവും ആവർത്തിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com