ഷാർജയിൽ ജിവനൊടുക്കിയ മലയാളി യുവതി അതുല്യയുടെ ഫൊറൻസിക് പരിശോധനാഫലം പുറത്ത്. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് സൂചന. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാക്കും. ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഷാര്‍ജാ പൊലീസില്‍ പരാതി നൽകിയിരുന്നു.
ഷാര്‍ജയിലെ ഫ്ലാറ്റിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു വര്‍ഷമായി അതുല്യയും ഭര്‍ത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. രാത്രിയുണ്ടായ വഴക്കിന് ശേഷം ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോള്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് സതീഷ് പറയുന്നത്.
അതുല്യയുടെ മരണത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപെട്ടിരുന്നു. കുടുംബം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സതീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷമാകും ഇതില്‍ തുടര്‍നടപടിയുണ്ടാവുക.