തിരുവനന്തപുരം: ഉള്ളൂര്‍ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആനയെ മര്‍ദിച്ച പാപ്പാനെതിരെ കേസെടുത്ത് വനം വകുപ്പ്. മദപ്പാടിലുള്ള ഉള്ളൂര്‍ കാര്‍ത്തികേയന്‍ എന്ന ആനയെ മര്‍ദിച്ച പാപ്പാന്‍ വിഷ്ണുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാട്ടാന പരിപാലന ചട്ടം പ്രകാരം വനംവകുപ്പ് കേസെടുത്തത്. മദപ്പാടിലുള്ള ആനയുടെ ചങ്ങലകള്‍ ഇടവിട്ട ദിവസങ്ങളില്‍ മാറ്റി കെട്ടണം എന്നും ഇതിനായാണ് മര്‍ദിച്ചതെന്നുമാണ് പാപ്പാന്റെ വിശദീകരണം.
മദ്യലഹരിയിലായിരുന്നു മര്‍ദനം. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറില്ലെന്നും വിഷ്ണു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാെഴി നല്‍കി.
അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ ഓഫീസിന് സമീപമാണ് ആനയെ കെട്ടിയിട്ടിരിക്കുന്നത്. കാലുകളില്‍ ചങ്ങലയിട്ട ഭാഗത്ത് വ്രണം രൂപപ്പെട്ടിട്ടുണ്ട്. ഈ മുറിവിലാണ് പാപ്പാന്‍ മര്‍ദിച്ചത്. പാപ്പാനോടൊപ്പം രണ്ട് ജീവനക്കാരും ആനയെ മര്‍ദിക്കുന്നുണ്ട്.
മദപ്പാടില്‍ നില്‍ക്കുന്ന ആനയുടെ കാലുകള്‍ മുറിഞ്ഞ് പൊട്ടി ഒലിക്കുന്നുണ്ടായിരുന്നെന്നും ഈ മുറിവില്‍ തന്നെ പാപ്പാന്‍മാര്‍ വീണ്ടും അടിച്ചതെന്നും പൗരസമിതി അംഗം പറഞ്ഞിരുന്നു. ദേവസ്വം ഓഫീസുള്ള കോമ്പൗണ്ടിനുള്ളില്‍ തന്നെയാണ് ആനയെ ക്രൂരമായി മര്‍ദിച്ചത്. പൗരസമിതി തന്നെയാണ് ഇത് ചിത്രീകരിച്ച് ദേവസ്വം ഓഫീസിനും വനംവകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്.