കേരളകോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ. കെ. ശശീന്ദ്രൻ. കേരള കോൺഗ്രസ് (എം) മുന്നണി മര്യാദ പാലിക്കണന്നും വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ പക്വതയോടെ അവതരിപ്പിക്കണമെന്നും എ. കെ. ശശീന്ദ്രൻ പറഞ്ഞു.
മുന്നണി മര്യാദ പാലിക്കുന്നുണ്ടോ എന്ന് ജോസ് കെ. മാണി പരിശോധിക്കണം, മുന്നണിയിലെ ഘടകകക്ഷികളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിമർശനം ഉന്നയിക്കാൻ വേദിയും പരിധിയും ഉണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. കേരളകോൺഗ്രസ് എമ്മും ജോസ് കെ മാണിയും ആ പരിധി ലംഘിച്ചെന്നും എ കെ ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
എന്നെ നന്നാക്കാൻ വരുന്നതിന് മുൻപ് അവനവൻ നന്നാവണമെന്നും അവരവരുടെ മേഖലകൾ ശ്രദ്ധിക്കുന്നതിനിടെ സാമാന്യ മര്യാദകൾ ശ്രദ്ധിച്ചു കാണില്ലെന്നും എ. കെ. ശശീന്ദ്രൻ വിമർശനമുന്നയിച്ചു.
"നമ്മളൊക്കെ ഒരു മുന്നണിയിലെ ഘടക കക്ഷികളാണ്. അപ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കണോ വേണ്ടയോ എന്ന് തീരമാനിക്കേണ്ടത് അതത് പാർട്ടിയാണ്. അവർ ചെയ്ത കാര്യങ്ങളിൽ തെറ്റ് ഉണ്ടോ എന്ന് അവരവർ മനസിലാക്കണം. തെറ്റ് പറ്റിയെങ്കിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലാതെ എന്തുപറയാനാണ്", എ. കെ. ശശീന്ദ്രൻ പറഞ്ഞു.
വന്യജീവി ആക്രമണം പരിഹരിക്കാൻ അടിയന്തര നിയമസഭാ സനമ്മേളനം വിളിച്ച് ചേർക്കണമെന്ന് ആയിരുന്നു ജോസ് കെ.മാണി ആവശ്യപ്പെട്ടത്. മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നിയമഭേദഗതിയും നിയമനിർമാണവും നടത്തണം. മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി തിരികെ കാട്ടിൽ കൊണ്ട് വിടുന്ന അശാസ്ത്രീയമായ രീതികൾ ഉപേക്ഷിക്കണമെന്നും ജോസ് കെ. മാണിയുടെ ആവശ്യത്തിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് അതിരൂക്ഷമായ വന്യജീവി തെരുവ് നായ ആക്രമണത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ജോസ് കെ.മാണി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിച്ചിരുന്നു.