സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

മുരാരി ബാബുവിന്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്.
സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍
Published on

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആയ മുരാരി ബാബുവിനെയാണ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവ് പുറത്തിറങ്ങി.

സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. മുരാരി ബാബുവിന്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്. 2024ല്‍ മുരാരി ബാബു എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറ്റകുറ്റപ്പണികള്‍ക്കായി സ്വര്‍ണപ്പാളികള്‍ നല്‍കിയത്.

സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്താതെ ചെമ്പ് പാളിയെന്ന് മാത്രം രേഖപ്പെടുത്തിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിവാദ കാലയളവില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ മുരാരി ബാബു മാത്രമാണ് സര്‍വീസില്‍ തുടരുന്നത്. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.

ദ്വാരപാലക ശില്‍പത്തിലേത് ചെമ്പുപാളിയെന്ന് 2019ല്‍ രേഖപ്പെടുത്തിയത് ശബരിമല തന്ത്രിയുടെ റിപ്പോര്‍ട്ട് പ്രകാരമെന്ന് മുരാരി ബാബു പറഞ്ഞിരുന്നു. താന്‍ നല്‍കിയത് പ്രിലിമിനറി റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണെന്നും മുരാരി ബാബു പറഞ്ഞു.

വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് എല്ലാ ഇടത്തും ഒരുപോലെ അല്ലെന്നും മുരാരി ബാബു. സ്വര്‍ണം പൊതിഞ്ഞത് മേല്‍ക്കൂരയില്‍ മാത്രമെന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതില്‍ ആണ് സ്വര്‍ണംപൂശിയത്, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു.

വിവാദ കൈമാറ്റം നടക്കുമ്പോള്‍ താന്‍ ചുമതലയില്‍ ഇല്ലെന്നും മുരാരി ബാബുവിന്റെ വിശദീകരണം. മൂന്നു ദിവസം മുന്‍പ് (2019 ജുലൈ 16ന്) സ്ഥാനമൊഴിഞ്ഞു. മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ട്, എന്നാല്‍ ആ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com