തൃശൂർ: പാർലമെൻറ് മണ്ഡലത്തിലെ വോട്ടർ പട്ടിക ക്രമക്കേടില്‍ മുൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയ്‌ക്കെതിരെ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. കളക്ടറുടെ ഇരട്ട വോട്ടിൻ്റെ തെളിവുകൾ സുനിൽ കുമാർ പുറത്തുവിട്ടു.
കൃഷ്ണ തേജയ്ക്ക് തൃശൂരിലും ആന്ധ്രയിലും വോട്ട് ഉണ്ടായിരുന്നതായാണ് സിപിഐ നേതാവിന്റെ ആരോപണം. തൃശൂരിൽ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച കളക്ടർക്ക് ചിലിഗുരുപ്പേട്ടിയിൽ വോട്ടുണ്ടായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണനും സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട് ഉണ്ടായിരുന്നുവെന്നും സുനില്‍കുമാർ ആരോപിച്ചു.
ഒന്നിൽ കൂടുതൽ വോട്ടുകൾ കുറ്റകരമാണെന്ന് ഇരിക്കെ എന്തുകൊണ്ട് ഇവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് സിപിഐ നേതാവ് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് തൃശൂരില്‍ ഇരട്ട വോട്ടുകള്‍ ചേർത്തത്. ശോഭാ സിറ്റി നിലവിലുള്ളത് ആലത്തൂർ മണ്ഡലത്തിലാണ്. അതേ മേല്‍വിലാസത്തില്‍ ആലത്തൂരിലും തൃശൂരിലും 17 വോട്ടുകൾ ചേർത്തു. ശോഭാ സിറ്റിയിലെ ഫ്ലാറ്റുകളുടെ മേൽവിലാസം ഉപയോഗപ്പെടുത്തി അവിടെ ഉള്ള വോട്ടുകൾ ഇരുമണ്ഡലത്തിലും ചേർക്കുകയായിരുന്നുവെന്നും സുനിൽകുമാർ തെളിവുകള്‍ നിരത്തി ആരോപിച്ചു.
നേരത്തെയും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ കളക്ടറായിരുന്ന വി.ആർ. കൃഷ്ണ തേജയ്‌ക്കെതിരെ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ ആരോപണങ്ങൾ തെറ്റിധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ പ്രതികരണം. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരാണ് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതെന്ന് രത്തൻ യു. ഖേൽക്കർ പറയുന്നു. വ്യാജ വോട്ടുകളുള്ള ബൂത്തുകളിലെ ബിഎൽഒമാരിൽ മിക്കവരും ബിജെപി അനുകൂല നിലപാടുള്ളവരാണെന്നും മുൻ കളക്ടർ വ്യാജ വോട്ടിനായി ഇടപെട്ടെന്നുമായിരുന്നു സിപിഐ ആരോപണം.