
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍. എഫ്‌ഐആര്‍ ഇട്ടെന്ന വിവരം അറിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ പറയേണ്ടിടത്ത് മറുപടി പറയുമെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
താഴിക കുടം പമ്പയില്‍ കൊണ്ടു പോയ സമയത്ത് പ്രസിഡന്റ് താനല്ലായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ തെറ്റായി വരുന്നു. കേസില്‍ അന്നത്തെ ഭരണസമിതി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടുമെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും ഏറ്റെടുക്കാന്‍ തയ്യാറാണ്. പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും ചെയ്തതെല്ലാം വെളിയില്‍ വന്നു. നിയമപരമായ ബാധ്യത നിറവേറ്റേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. മാധ്യമങ്ങള്‍ തന്നെ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നിയമവിരുദ്ധമായതോ ആചാര വിരുദ്ധമായതോ ആയ ഒരു കാര്യവും താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉണ്ടായിട്ടില്ലെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
താഴിക കുടം കൊണ്ടു പോയകാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും എന്റെ പേര് പറയുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി താന്‍ ഒന്നും ചെയ്തിട്ടില്ല. ഒറ്റ തിരിഞ്ഞുള്ള ആക്രമണംകൊണ്ട് ദുര്‍ബലപ്പെടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
2007ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയില്‍ എത്തുന്നത്. അതിന് മുമ്പ് ജലഹള്ളി അയ്യപ്പക്ഷേത്രത്തിലായിരുന്നു. അവിടെ നിന്നാണ് ശബരിമലയിലേക്ക് വരുന്നത്. അന്ന് ജലഹള്ളിയിൽ അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഉണ്ടായ മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തം 2019ലെ ഭരണസമിതിയ്ക്ക് ആണോ? ഈ അവതാരങ്ങളെയെല്ലാം ശബരിമലയില്‍ എത്തിച്ചത് ഭരണസമിതിയാണോ? ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയും. അപ്പോള്‍ മറുപടി പറയേണ്ടവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും പദ്മകുമാര്‍ പറഞ്ഞു.