കണ്ണൂർ: മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ പെരളശ്ശേരി സ്കൂളിലെ എൻഎസ്എസ് ക്യാംപിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 29 വർഷം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന കെ.കെ നാരായണന്‍, 2005 മുതൽ 2010 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.
2011-2016 കാലയളവില്‍ ധർമ്മടം എംഎല്‍എയായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ബീഡി തൊഴിലാളിയായ കെ.കെ. നാരായണൻ, 22ാം വയസിൽ പാർട്ടി നിർദേശമനുസരിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്. സഹകരണമേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. എകെജി ആശുപത്രി ചെയർമാൻ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.