കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരെ രൂക്ഷവിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കുന്നംകുളം പൊലീസ് മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രി നടത്തിയ ഓണവിരുന്നിൽ സതീശൻ പങ്കെടുത്തത് മോശമായെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. താൻ ആണെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു എന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിനിടെ പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലായിരുന്നു വിരുന്ന്. എന്നാൽ വിരുന്ന് നടന്ന അതേ ദിവസമായിരുന്നു കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതുസംബന്ധിച്ച ചോദ്യത്തിനായിരുന്നു സുധാകരൻ്റെ മറുപടി. കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
അതേസമയം കുന്നംകുളത്തെ പൊലീസ് മർദന വിഷയത്തിൽ സ്വയം വിമർശിച്ചിരിക്കുകയാണ് കെ. സുധാകരൻ. വിഷയം ഉയർത്തികൊണ്ടുവരുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്ന് സുധാകരൻ തുറന്നുസമ്മതിച്ചു. വിഷയം പാർട്ടി ഏറ്റെടുക്കാൻ വൈകിയിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാത്തത് പോരായ്മയാണെന്നും കെ. സുധാകരൻ അഭിപ്രായപ്പെട്ടു.