

കൊച്ചി: നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ വിവാദം കനക്കുന്നു. കെ. മുരളീധരന്റെ സഭയിലെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് മുൻ മന്ത്രി വീണാ ജോർജ് പറഞ്ഞു. റെംഡിസിവർ നൽകിയ അഞ്ചുപേരും നിപയെ അതിജീവിച്ചു. മരുന്നിന്റെ കാലാവധിയെപ്പറ്റിയുള്ള വിവരങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും വീണാ ജോർജ് പറഞ്ഞു. നിപയ്ക്കെതിരെ പോരാടിയ ആരോഗ്യ പ്രവർത്തകരുടെ ധാർമികതയെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് കെ. മുരളീധരൻ നടത്തിയതെന്നും. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും വീണാ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കെഎംഎസ്സില്ലിൻ്റെ സോഫ്റ്റ്വെയർ പരിശോധിച്ചാൽ പ്രഥമദൃഷ്ട്യാ തന്നെ 2025 സെപ്റ്റംബർ മാസം വരെ മരുന്നിന് കാലാവധി ഉണ്ട് എന്നത് വ്യക്തമായി കാണാൻ സാധിക്കും. പരിശോധനയുടെ ആവശ്യം ഇല്ലാതെ തന്നെ ആ കാര്യം വ്യക്തമാണ്. വിദഗ്ധ സമിതി പരിശോധിക്കുന്നതിൽ തർക്കമില്ല. പക്ഷെ വളരെ സെൻസിറ്റീവായ വിഷയത്തിൽ മന്ത്രി കള്ളം പറഞ്ഞു, അത് ഗൗരവതരമാണ്. മന്ത്രി നിയമസഭയിൽ നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
'അഞ്ച് പേർക്കാണ് റെംഡെസിവിർ മരുന്ന് നൽകിയത്, ആ അഞ്ച് പേരും നിപയെ അതിജീവിച്ചു. നിപ ഉണ്ടെന്ന് കണ്ടെത്തുന്നതിന് മുൻപ് മരിച്ചവരാണ് മറ്റുള്ളവർ, അവർക്ക് ഈ മരുന്ന് നൽകാൻ സാധിച്ചിട്ടുമില്ല. ഓഗസ്റ്റ് 8-ാം തീയതി 5 നിപ ബാധിതർക്ക് മരുന്ന് നൽകി. അവരും ജീവനോടെയുണ്ട്. അങ്ങനെ നോക്കുമ്പോൾ റെംഡെസിവിർ മരുന്ന് ഉപയോഗിച്ചവരുടെ മരണ നിരക്ക് പൂജ്യമാണ്'. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ സോഫ്റ്റ്വെയറിൽ എല്ലാ വിശദാംശങ്ങളും ലഭ്യമായിരിക്കെ എന്തിന് കേരളത്തെ സംശയത്തിന് മുനയിൽ നിർത്തിയെന്നും വീണാ ജോർജ് ചോദിച്ചു.
മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന മനഃപൂർവ്വമാണെന്നും വീണാ ജോർജ് പറഞ്ഞു. ജാഗ്രത കുറവാണെന്ന് കരുതുന്നില്ലെന്നും. മന്ത്രിയുടെ നീക്കം ദുരൂഹമാണെന്നും വീണാ ജോർജ് വ്യക്തമാക്കി. മറ്റെന്തൊക്കെയോ മറച്ച് വെക്കാനാണ് കെ. മുരളീധരൻ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് നേരെ ഉയരുന്ന പ്രശ്നങ്ങൾ മറച്ചുവെക്കാൻ വേണ്ടിയുള്ള ശ്രമമാണിതെന്നും വീണ പറഞ്ഞു. വിദഗ്ധ സമിതി അന്വേഷിച്ച് റിപ്പോർട്ട് പുറത്ത് വിടുക തന്നെ വേണമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ആ സമയത്ത് കേരളത്തിലേക്ക് റെംഡെസിവിർ ലഭ്യമായിട്ടുള്ള എല്ലായിടത്ത് നിന്നും മരുന്ന് എത്തിക്കാൻ ശ്രമിച്ചെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇനി അഥവാ മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ, ആരാണോ അത് ചെയ്തത് അവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും വീണാ ജോർജ് അറിയിച്ചു.