

വയനാട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് തിരുവമ്പാടി മുൻ എംഎൽഎ ലിന്റോ ജോസഫ്. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൂച്ചുവിലങ്ങിടുമ്പോൾ 2134 കോടി രൂപ കണക്കാക്കുന്ന പദ്ധതി സർക്കാർ തുടരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. യുഡിഎഫ് സർക്കാരിന്റേത് തെറ്റായ നിലപാടെന്നും, ഇത് മലയോര ജനതയുടെ വികസനത്തിന് തിരിച്ചടിയാകുമെന്നും ലിന്റോ ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കൂച്ചുവിലങ്ങിടുമ്പോൾ പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിൽ നിലയ്ക്കുമോ എന്നാണ് ആശങ്ക. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വപ്ന പദ്ധതിയായി ആരംഭിച്ച ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതക്ക് കിഫ്ബിപ്പൂട്ട് തുരങ്കം വെക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2,134 കോടി രൂപയാണ് തുരങ്കപാതയുടെ നിർമാണത്തിനായി കണക്കാക്കിയിരുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ പിടിമുറുക്കുമ്പോൾ തുരങ്കപാതയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് തിരുവമ്പാടി മുൻ എംഎൽഎ ലിന്റോ ജോസഫ്.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നെങ്കിലും പദ്ധതി നിർവഹണത്തിനാവശ്യമായ വലിയ തുകയിലാണ് ആശങ്ക. കള്ളാടി മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നൂറ് ദിവസം പിന്നിട്ടിട്ടു, വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കാത്തതും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലെ കാലതാമസവും തിരിച്ചടിയാണ്. പലതവണ ജനപ്രതിനിധികളെ പരാതി അറിയിച്ചിട്ടും സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തതിലും കടുത്ത അമർഷത്തിലാണ് മലയോര ജനത.
തുരങ്കപാതയുടെ നിർമാണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ , വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വയനാട് വേദിയാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ജൂലൈ 7ന് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനും , തുടർനിർമാണ സാധ്യതകളെക്കുറിച്ച് പഠിക്കാനുമായി വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും, മാസങ്ങൾ പിന്നിട്ടിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല .