
രണ്ട് പകലിൻ്റെ അനിശ്ചിതത്വത്തിന് ഒടുവിൽ പി.വി.അൻവർ നയം വ്യക്തമാക്കി. വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനി താനില്ല. കുഞ്ഞാലിക്കുട്ടി അടക്കം യുഡിഎഫ് നേതാക്കൾക്ക് തന്നെ ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു. പക്ഷേ സതീശന് പിന്നിൽ തന്നെ തീർത്തുകളയണമെന്ന് ആഗ്രഹിക്കുന്ന ശക്തികളാണെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി അതിനുള്ള ഗതിയില്ല. ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന തന്നെ ഞെരിച്ചുഞെരിച്ച് വെറും പൂജ്യമാക്കിയെന്നും അൻവർ നിറകണ്ണുകളോടെ പറഞ്ഞു.
"കൂടെ നിൽക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. കുഞ്ഞാലിക്കുട്ടി ഇന്നും അതിന് വേണ്ടി പരിശ്രമിക്കുന്നു. എന്നിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും. യുഡിഎഫിന് അകത്തു വന്നാലും ഞാൻ ഇങ്ങനെ തന്നെയാകും. അഞ്ച് മാസമായി വാലിൽ കെട്ടി നടത്തുന്നു. യുഡിഎഫ് നിർത്തുന്ന ഏത് ചെകുത്താനായാലും പിന്തുണയ്ക്കുമെന്ന് പറഞ്ഞതാണ്. ചെകുത്താൻ എന്നത് ഒരു പ്രയോഗമാണ്" അൻവർ പറഞ്ഞു.
"പിണറായിസം മാറ്റി ഗൂഡശക്തികളുടെ താത്പര്യം മുൻനിർത്തി ചിലർ ഇപ്പോഴും മുന്നോട്ടുപോകുന്നു. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആരെയും കണ്ടല്ല ഞാൻ ഇറങ്ങിവന്നത്. സർവ്വേശ്വരനിൽ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. ഭൂരിപക്ഷത്തെ കണ്ട് പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് ഭയപ്പെട്ട് പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അധികപ്രസംഗിയാണ് എന്നതാണ് ചിലരുടെ പ്രശ്നം. അധികപ്രസംഗം ഇനിയും തുടരും" പി.വി. അൻവർ പറഞ്ഞു.
പിണറായിയെ പിതാവിനെ പോലെ കണ്ട് ഒപ്പം നിന്ന ആളാണ് ഞാൻ. ഈ രാജ്യത്ത് ഒരുപാട് ശത്രുക്കളെ ഞാനുണ്ടാക്കി. ഒളിഞ്ഞും തെളിഞ്ഞും ജാതിമത രാഷ്ട്രീയത്തിലേക്ക് സിപിഐഎം വഴിമാറി ചിന്തിക്കുന്നുവെന്നും പി.വി. അൻവർ പറഞ്ഞു.
ആറ് മാസം മുമ്പ് കേരളരാഷ്ട്രീയത്തിലെ കിംഗ് മേക്കറാകാൻ ഇറങ്ങിത്തിരിച്ച അൻവർ സ്വന്തം തട്ടകമായ നിലമ്പൂർ രാഷ്ട്രീയത്തിൽ പോലും എടുക്കാച്ചരക്കായി വഴിമുട്ടി നിൽക്കുകയാണ്. ഇടതിലും വലതിലുമില്ല, മത്സരിക്കാനുമില്ല. രാഷ്ട്രീയമായി പരിപൂർണ അനാഥത്വം. പക്ഷേ നിലമ്പൂരിൽ അൻവറിനുള്ള സ്വാധീനം ഇപ്പോഴും യുഡിഎഫ് ചെറുതായി കാണുന്നില്ല. വി.ഡി. സതീശനെ ശകാരം കൊണ്ട് മൂടുമ്പോഴും അൻവറെ യുഡിഎഫ് പരിപൂർണമായും തള്ളാത്തത് അതുകൊണ്ടുതന്നെയാണ്.