പത്തനംതിട്ട: കസ്റ്റഡി മർദനത്തില്‍ പുതിയ ആരോപണവുമായി എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോട്. ഡിവൈഎസ്‌പി എം. ആർ. മധുബാബുവിനെ സംരക്ഷിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാർ ആണെന്ന് ജയകൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
നടപടിക്ക് ശുപാർശ ചെയ്തത് ടി.പി. സെൻകുമാർ ഡിജിപി ആയിരിക്കുന്ന കാലയളവിലാണെന്നതിന്റെ വിവരാവകാശ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ആയിരുന്ന സെൻകുമാറിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയകൃഷ്ണന്‍ പറയുന്നു. സെൻകുമാർ പൊലീസ് സേനയിലെ ക്രിമിനലുകളെ സംരക്ഷിച്ച ഡിജിപിയെന്നാണ് ജയകൃഷ്ണന്റെ ആരോപണം.
പത്തനംതിട്ട എസ്പി ആയിരുന്ന ജി. ഹരിശങ്കർ മധുബാബുവിനെതിരെ ഡിജിപിക്ക് അയച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോന്നി സിഐ ആയിരുന്ന സമയത്ത് ഡിവൈഎസ്പി മധുബാബു ജയകൃഷ്ണനെ ക്രൂരമായി മർദിച്ചിരുന്നതായാണ് റിപ്പോർട്ടില്‍ പരാമർശിക്കുന്നത്. മധു ബാബുവിനെതിരെ റിപ്പോർട്ടില്‍ എസ്പി നടപടിയും ആവശ്യപ്പെട്ടിരുന്നു.
സിഐ മധുബാബു അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നുമായിരുന്നു ജി. ഹരിശങ്കറിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ മധുബാബു ആവർത്തിച്ച് ചെയ്യുന്നു. പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.
യുഡിഎഫ് ഭരണകാലത്ത് പൊലീസിൽ നിന്നും നേരിട്ട ക്രൂരപീഡനത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് എസ്എഫ്ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മധുബാബുവിന്റെ നേതൃത്വത്തില്‍ പൊലീസുകാർ തന്റെ കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നുമാണ് ജയകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു പിന്നാലെ മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് പ്രമാടവും തൊടുപുഴ സ്വദേശി മുരളീധരനും രംഗത്തെത്തി. പൊലീസ് സ്റ്റേഷനുള്ളിൽ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് അനീഷ് പ്രമാടത്തിന്റെ പരാതി.
എന്നാല്‍, തനിക്കെതിരായ വാർത്തകൾ ആസൂത്രിതമാണെന്നും, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് പിന്നിൽ ഒരു ഏമാനാണെന്നും എം. ആർ. മധുബാബു ഫേസ്ബുക്കിൽ കുറിച്ചു. റിട്ടയർമെൻ്റിനുശേഷം ഏമാന് ഇവൻ്റ് മാനേജ്മെൻ്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും, അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു പരിഹസിച്ചു. നിലവില്‍ ആലപ്പുഴ ഡിവൈഎസ്‌പിയാണ് എം.ആർ. മധുബാബു.