ഫോർട്ട് കൊച്ചിയിൽ ഭീമൻ പാപ്പാഞ്ഞികൾ ഇത്തവണ രണ്ടിടത്ത്; പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിൻ കാർണിവൽ;
കൊച്ചി:പുതുവത്സരത്തെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഫോർട്ട് കൊച്ചി.ഇത്തവണ കൊച്ചിയിൽ രണ്ടിടത്തായാണ് ഭീമൻ പാപ്പാഞ്ഞികൾ ഒരുങ്ങുന്നത്. കലയും സംസ്കാരവും ഐക്യവും സന്ദേശമാക്കിയാണ് കൊച്ചിൻ കാർണിവൽ ഈ വർഷവും പുതുവത്സര ആഘോഷങ്ങൾക്ക് നിറം പകരാൻ ഒരുങ്ങുന്നത്.
ഫോർട്ട് കൊച്ചിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ് പുതുവത്സരത്തെ വരവേറ്റ് കൊണ്ട് പാപ്പാഞ്ഞിയെ അഗ്നിക്ക് ഇരയാക്കൽ. പോയ വർഷത്തെ ദുഃഖങ്ങളും നഷ്ടങ്ങളും എല്ലാം അഗ്നിക്കിരയാക്കി, സന്തോഷത്തോടെയും പ്രതീക്ഷകളോടെയും പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമാണ് പാപ്പാഞ്ഞി കത്തിക്കൽ. ഇതുവരെ ഒരിടത്ത് മാത്രമായിരുന്നു പാപ്പാഞ്ഞി ഉണ്ടായിരുന്നത് എങ്കിൽ ഇത്തവണ രണ്ടിടത്തായാണ് ഭീമൻ പാപ്പാഞ്ഞികൾ ഒരുങ്ങുന്നത്.
ഗാല ഡീ ഫോർട്ട്കൊച്ചി ഒരുക്കിയ ഭീമൻ പാപ്പാഞ്ഞിയുടെ നിർമാണം പൂർത്തിയായി. ഇവിടേക്ക് പുതുവത്സരാഘോഷത്തിന് എത്തുന്ന ആളുകൾക്ക് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു. പരേഡ് ഗ്രൗണ്ടിലാണ് മറ്റൊരു പാപ്പാഞ്ഞി ഒരുങ്ങുന്നത് ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിജെ മ്യൂസിക്കൽ നൈറ്റ് ഉൾപ്പെടെയുള്ള പരിപാടികളും ഇവിടെ ഒരുങ്ങുന്നുണ്ട്.
