കൊല്ലം: ജില്ലയിൽ നാല് വിദ്യാർഥികൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർഥികളാണ്. ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചു.
എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ക്ലാസിലെ ഒന്നിലധികം കുട്ടികൾക്ക് കടുത്ത പനിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചത്.
സ്കൂളിലെ കുട്ടികളോട് ഇപ്പോൾ സ്കൂളിലേക്ക് വരേണ്ടെന്നും, കൂടുതൽ പരിശോധനകൾക്ക് ശേഷം സ്കൂളുകളിലേക്ക് വന്നാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിലെ വെള്ളം അടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.
കൂടുതൽ കുട്ടികൾക്ക് ഇത്തരത്തിൽ പനിയുണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമാകാൻ നിർദേശം നൽകിയിട്ടുണ്ട്. തുമ്മൽ, ചുമ, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ അതീവശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.