തൃശൂർ: പള്ളുരുത്തി ശിരോവസ്ത്ര വിവാദത്തിനിടെ ശ്രദ്ധേയമായി നാലാംക്ലാസുകാരിയുടെ മതനിരപേക്ഷയെക്കുറിച്ചുള്ള വാക്കുകൾ. കൊല്ലം സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആയിഷ ആനടിയിലിൻ്റെ വാക്കുകളാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. തൃശൂർ ഇരിങ്ങാലക്കുടയിൽ പൊതുപരിപാടിക്കിടെ തട്ടമിട്ടതുകണ്ട് സദസിനോട് പേടി തോന്നുന്നുണ്ടോ എന്ന് ആയിഷ ചോദിക്കുന്നു. പേടി തോന്നുന്നുണ്ടെങ്കിൽ അത് കാഴ്ചയുടെ അല്ല കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും മിടുക്കി പറയുന്നുണ്ട്.
മന്ത്രി ആർ. ബിന്ദു ഉൾപ്പെടെ പങ്കെടുത്ത ഇരിങ്ങാലക്കുട പൊറത്തിശേരി കാർണിവലിനിടെയാണ് ആയിഷ ആനടിയുടെ പ്രതികരണം. പരിപാടിയിൽ പ്രസംഗിച്ച ശേഷം തട്ടമിട്ട ഒരാളെ വേദിയിലേക്ക് ക്ഷണിച്ച് ആയിഷ, ആ തട്ടം വാങ്ങി ധരിച്ചു. പിന്നാലെയായിരുന്നു തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോ എന്ന ചോദ്യം.
തട്ടമിട്ടത്തിൻ്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ, ഇത്രയും പ്രസംഗിച്ചത് വെറുതെയാവുമെന്നും ആയിഷ പറഞ്ഞു. "എല്ലാവരും ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടേ, ഇത്തിരി ദയ മതി. മറ്റുള്ള മതങ്ങളെ ഇത്തിരി റസ്പെക്ട് ചെയ്താൽ മതി. ലോകം നന്നായിക്കോളും," ഇത്രയും പറഞ്ഞുകൊണ്ടാണ് ആയിഷ ആനടിയിൽ പ്രസംഗം അവസാനിപ്പിച്ചത്.
നാലാം ക്ലാസുകാരിയുടെ പ്രസംഗം വേദിയിലിരുന്ന് കേട്ട മന്ത്രി ആർ. ബിന്ദു ഇത് ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു. "വേദിയെ ഇളക്കിമറിച്ച് നാലാം ക്ലാസുക്കാരി ആയിഷ ആനടിയിൽ നടത്തിയ പ്രസംഗം മാനവികതയുടെ പ്രകാശം പരത്തുന്ന ഈ മിടുക്കികുട്ടിയുടെ വാക്കുകൾക്ക് കാതോർക്കാം,"- എന്ന് കുറിച്ചായികുന്നു മന്ത്രി വീഡിയോ പങ്കുവെച്ചത്.