ചികിത്സാസഹായ വീഡിയോയില്‍ വ്യാജ ക്യൂആര്‍ കോഡ് ചേര്‍ത്ത് തട്ടിപ്പ്; നൂറാൻ ഫൗണ്ടേഷനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശി

നൂറാൻ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലാണ് എഡിറ്റ് ചെയ്ത വീഡിയോ പ്രചരിക്കുന്നത്
ചികിത്സാസഹായ വീഡിയോയില്‍ വ്യാജ ക്യൂആര്‍ കോഡ് ചേര്‍ത്ത് തട്ടിപ്പ്; നൂറാൻ ഫൗണ്ടേഷനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശി
Published on
Updated on

കണ്ണൂർ: മകളുടെ ചികിത്സയുടെ ഭാഗമായി ഉണ്ടായ കടം തീർക്കാൻ ചെയ്ത ചാരിറ്റി വീഡിയോ എഡിറ്റ് ചെയ്ത് മറ്റാരോ പണം തട്ടിയെടുക്കുന്നു എന്ന പരാതിയുമായി കണ്ണൂർ സ്വദേശി. പിലാത്തറയിൽ താമസിക്കുന്ന കെ.പി. സജിനയാണ്‌ പരാതിയുമായി പരിയാരം പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിലാത്തറ സ്വദേശി സജിന ഈ വീഡിയോ ചെയ്യുന്നത് മെയ് മാസത്തിലാണ്.

ചികിത്സാസഹായ വീഡിയോയില്‍ വ്യാജ ക്യൂആര്‍ കോഡ് ചേര്‍ത്ത് തട്ടിപ്പ്; നൂറാൻ ഫൗണ്ടേഷനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശി
എന്തിനാണ് അനസ്തേഷ്യ നൽകിയത്? കണ്ണൂരിലെ കുഞ്ഞിൻ്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് കുടുംബം

ജന്മനാ അസുഖം ബാധിച്ച് നടക്കാൻ ശേഷി നഷ്ടപ്പെട്ട മകൾ റിസ്വാനയുടെ ചികിത്സയ്ക്ക് 30 ലക്ഷം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. പലിശയ്ക്ക് കടം വാങ്ങിയാണ് ഇത്രയും പണം കണ്ടെത്തിയത്. കടം വാങ്ങിയ തുക തിരികെ നൽകാൻ മറ്റൊരു മാർഗവും ഇല്ലാതായപ്പോഴാണ് ചാരിറ്റി വീഡിയോ ചെയ്തത്. ഈ വീഡിയോയിൽ ഗൂഗിൾ പേ നമ്പർ, സ്കാനർ എന്നിവ നൽകിയിരുന്നു. ഇത് വഴി 22 ലക്ഷം രൂപ സഹായമായി ലഭിക്കുകയും ചെയ്തു. ബാക്കി 8 ലക്ഷം രൂപ കൂടി നല്ല മനസുള്ളവരുടെ സഹായത്താൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വ്യാജ സ്കാനർ ഉപയോഗിച്ച് തങ്ങളുടെ വീഡിയോ പ്രചരിക്കുന്ന കാര്യം സജിന അറിയുന്നത്.

നൂറാൻ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലാണ് എഡിറ്റ് ചെയ്ത വീഡിയോ പ്രചരിക്കുന്നത്. സജിനയും റിസ്വാനയും തങ്ങളുടെ വിഷമം പങ്കുവെക്കുന്ന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് മറ്റൊരു ഗൂഗിൾ പേ സ്കാനറാണ്. ഇതിലേക്ക് സജിന പണം അയച്ചു നോക്കിയിരുന്നു. പണം ലഭിക്കുന്നത് മറ്റാർക്കോ ആണെന്ന് ഇതോടെ വ്യക്തമായി. ചിത്രകാരിയും പഠനത്തിൽ മിടുക്കിയുമായ റിസ്വാന തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിൽ പഠനം നടത്തുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സഹായത്തോടെയാണ് പഠനം. കടം തീർത്ത്, വീഡിയോ നീക്കം ചെയ്ത്, സമാധാനത്തോടെ ജോലി ചെയ്ത് ജീവിക്കാം എന്നായിരുന്നു സജിനയുടെ പ്രതീക്ഷ. എന്നാൽ സ്വന്തം മകളുടെ ദുരിതം വിറ്റ് മറ്റൊരാൾ നാട്ടുകാരെ വഞ്ചിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് സജിന പറയുന്നു.

News Malayalam 24x7
newsmalayalam.com