കാസർഗോഡ്: തലസ്ഥാനത്ത് ഗ്രാമസഭാ യോഗങ്ങളിൽ ഗുരുതര കൃത്രിമം നടന്നതായി തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ലെന്ന ആരോപണവുമായി കാസർഗോഡ് സ്വദേശിയായ പൊതുപ്രവർത്തകൻ. തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിലെ ആദ്യ ഗ്രാമസഭ യോഗങ്ങളിൽ ഗുരുതര രേഖാ കൃത്രിമം, വ്യാജ ഹാജർ രേഖകൾ സൃഷ്ടിക്കൽ, നടപടിക്രമങ്ങളുടെ ലംഘനം തുടങ്ങിയവ നടന്നെന്ന് തെളിവ് സഹിതം നൽകിയ പരാതിയിലാണ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നടപടിയില്ലാത്തത്.
സംസ്ഥാന തലസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ ഗ്രാമസഭ യോഗങ്ങളിൽ ഗുരുതര രേഖാ കൃത്രിമം, വ്യാജ ഹാജർ രേഖകൾ സൃഷ്ടിക്കൽ, നടപടിക്രമങ്ങളുടെ ലംഘനം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ പരാതിയിൽ സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നാണ് ആക്ഷേപം. 2026 ഫെബ്രുവരി 21ന് ബന്ധപ്പെട്ട അധികാരികൾക്ക് രഹസ്യ റിപ്പോർട്ടും തെളിവുകളും സമർപ്പിച്ചിട്ടും മൂന്ന് മാസത്തിലേറെയായിട്ടും ഈ വിഷയത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് കാസർഗോഡ് സ്വദേശിയായ പൊതുപ്രവർത്തകൻ എം.വി. ശില്പരാജിൻറെ ആരോപണം. ഗ്രാമസഭ രജിസ്റ്ററുകളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും പൊതുരേഖകളിൽ കൃത്രിമം നടത്തിയതായും കാണിച്ച് നൽകിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന ഇന്റലിജൻസ് അന്വേഷണം നടത്തിയതായി ശില്പരാജ് പറഞ്ഞു. എന്നാൽ ഇത്രയും ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണവും തുടർനടപടികളും അസ്വാഭാവികമായി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണെന്നാണ് അദ്ദേഹത്തിൻ്റെ പരാതി.
ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ ഗ്രാമസഭാ സംവിധാനവുമായി ബന്ധപ്പെട്ട ഗുരുതര പരാതിയിൽ മാസങ്ങളായിട്ടും വ്യക്തമായ നടപടി ഉണ്ടാകാത്തത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് എന്ന് ശില്പരാജ് ചൂണ്ടിക്കാട്ടി. സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും അന്വേഷണ ഫലങ്ങൾ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്യണമെന്ന് പൊതു പ്രവർത്തകൻ എം.വി. ശില്പരാജ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.