തൃശൂർ: കാട്ടൂരിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ്. കാട്ടൂർ പൊഞ്ഞനം സ്വദേശിയും ലോട്ടറി കട നടത്തുന്ന നെല്ലിപറമ്പിൽ തേജസാണ് തട്ടിപ്പിന് ഇരയായത്. 15000 രൂപയാണ് തേജസിന് നഷ്ടമായത്. സമ്മാനം ലഭിച്ച ലോട്ടറിയുടെ കളർ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് കച്ചവടക്കാരനെ കബളിപ്പിച്ചത്.
ക്യൂആർ കോഡ് ഉപയോഗിച്ച് പരിശോധന നടത്തിയ ടിക്കറ്റിന് നാലാം സമ്മനമായ 5000 ലഭിച്ചുവെന്ന് കാട്ടിയാണ് ഇയാൾ തേജസിനെ സമീപിച്ചത്. പ്രാഥമിക പരിശോധനയിൽ സമ്മാനം ലഭിച്ചുവെന്ന് വ്യക്തമായതോടെ തേജസ് കമ്മീഷൻ തുക കഴിച്ച് ബാക്കി പണം യുവാവിന് നൽകുകയായിരുന്നു.
പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് വ്യാജ ലോട്ടറി നൽകി ഇയാൾ കബളിപ്പിക്കുക ആയിരുന്നുവെന്ന് തേജസിന് മനസിലായത്.
കഴിഞ്ഞ മാസം 27ന് ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.