തിരുവനന്തപുരം: നഗരസഭ ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ഓഫീസിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ എത്തിച്ചാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനിലിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. അതേസമയം, തൻ്റെ മരണാന്തര ചടങ്ങുകൾക്കായി അനിൽ 10,000 രൂപ മാറ്റി വച്ചിരുന്നു. ഓഫീസിനുള്ളിലെ ഒരു കവറിൽ സൂക്ഷിച്ചിരുന്നത്. ഈ തുക മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കണമെന്ന് സൂചിപ്പിച്ചിരുന്നതായും വിവരമുണ്ട്.
ഇന്നലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് മുൻപും പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്. 15 വർഷത്തിലേറെയായി അനിൽ ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു. സംഘം സാമ്പത്തികമായി തകരാൻ തുടങ്ങിയതോടെ പലരും നിക്ഷേപങ്ങൾ പിൻവലിക്കുകയും, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയുമായി.
ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിൻ്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
പ്രതിസന്ധിഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശം ഉണ്ട്. സഹകരണ സംഘത്തിലെ ക്രമക്കേടാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമായെന്നും, സാമ്പത്തിക പ്രതിസന്ധിയിൽ ബിജെപി സഹായിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടെന്നും സിപിഐഎം പറഞ്ഞു.
ബാങ്ക് നിക്ഷേപകർക്ക് ആറ് കോടിയോളം രൂപ കൊടുക്കാനുണ്ടെന്നാണ് അനിൽ കുമാറിൻ്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. വായ്പ നൽകിയ 11 കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നും പണം നിക്ഷേപകർക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.