

പത്തനംതിട്ട: അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി വിട പറഞ്ഞ ആലിന്‍ ഷെറിന് വിട നല്‍കി നാട്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ സെന്റ് തോമസ് പള്ളിയില്‍ നടന്നു.
മരണ ശുശ്രൂകൾക്ക ശേഷം പള്ളി മുറ്റത്ത് വെച്ചാണ് ആലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്.
വീട്ടിലെ പൊതുദര്‍ശന വേളയില്‍ മന്ത്രിമാരടക്കമുള്ള പ്രമുഖരെത്തി ആലിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. മന്ത്രി വീണ ജോർജ്, മാത്യു ടി. തോമസ് എംഎല്‍എയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയതെന്ന് എംപി സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെയും അനുശോചനം രേഖപ്പെടുത്തുന്നതായി സുരേഷ് ഗോപി അറിയിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനും മാതാപിതാക്കളും കുടുംബം തയ്യാറാവുകയായിരുന്നു.