

കൊച്ചി: ബെംഗളൂരുവില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് മരിച്ച മലയാളികള്‍ക്ക് വിട നല്‍കി നാട്. അപകടത്തില്‍ മരിച്ച മലയാളികളായ സ്മിതയുടെയും ലതയുടെയും മൃതദേഹം സംസ്‌കരിച്ചു. ജന്മനാടായ എറണാകുളം രാമമംഗലത്താണ് ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തില്‍ ഉള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവിലേക്ക് സന്തോഷത്തോടെ യാത്ര പോയ സ്മിതയും ലതയും ചേതനയറ്റ ശരീരങ്ങളായാണ് രാമമംഗലത്തേക്ക് തിരിച്ചെത്തിയത്.
എപ്പോഴും കാണുകയും സന്തോഷത്തോടെ നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും ചെയ്യുന്ന സ്മിതയും ലതയും തങ്ങള്‍ക്കൊപ്പം ഇനി ഇല്ല എന്നത് ഈ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് വിശ്വസിക്കാന്‍ ആകുന്നുണ്ടായില്ല. 2 മണിയോടെ ആണ് ഇരുവരുടെയും മൃതദേഹം നാട്ടില്‍ എത്തിച്ചത്. രാമമംഗലം പഞ്ചായത്ത് ഓഫീസ് മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച ഇരുവരുടെയും മൃതദേഹം കാണാന്‍ നാട് മുഴുവന്‍ ഒഴുകിയെത്തി.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയും അനൂപ് ജേക്കബ് എംഎല്‍എയും അന്തിമോപചാരം അര്‍പ്പിച്ചു. രാമമംഗലത്തെ അമൃതം ന്യൂട്രിമിക്‌സ് എന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റിലെ നടത്തിപ്പുകാരായിരുന്നു സ്മിതയും ലതയും അപകടത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരും. ഇന്നലെ രാവിലെയാണ് എറണാകുളം കുടുംബശ്രീ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ 56 അംഗ സംഘം എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയത്. വിമാനത്തില്‍ കയറണം എന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു.
ബെംഗളൂരു നഗരം കണ്ടു ഇന്ന് നാട്ടിലേക്ക് തിരിച്ചുവരാന്‍ ഇരിക്കെ വൈകിട്ട് ഷോപ്പിങ്ങിനായി ഇറങ്ങിയതായിരുന്നു സംഘം. കനത്ത മഴയെ തുടര്‍ന്ന് ഇവര്‍ കയറി നിന്ന ഭാഗത്തെ മതില്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്.
കര്‍ണാടക സ്വദേശികളടക്കം എട്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. രാമമംഗലം സ്വദേശികളായ മായ, സിജി, പ്രീതി എന്നിവരും ചികിത്സയില്‍ ഉണ്ട്. ഇതില്‍ സിജിയുടെ നട്ടെല്ലിനാണ് പരിക്ക്. പരിക്കേറ്റ മായയുടെയും പ്രീതിയുടെയും നില മെച്ചപ്പെട്ടിട്ടുണ്ട്.